ad
Deshabhimani

ആരോഗ്യവകുപ്പ് സൈറ്റ് പണിമുടക്കി; 
വരിനിന്ന് വലഞ്ഞ് രോഗികള്‍

E-Health softwear

സാങ്കേതിക തകരാറിനെത്തുടർന്ന് ഒപി ടിക്കറ്റ് നൽകുന്നത് വൈകിയതോടെ എറണാകുളം ജനറൽ ആശുപത്രിയുടെ 
ടിക്കറ്റ് കൗണ്ടറിനുമുന്നിൽ കാത്തുനിൽക്കുന്നവരുടെ തിരക്ക്

avatar
സ്വന്തം ലേഖകൻ

Published on Sep 02, 2026, 01:07 AM | 1 min read

കൊച്ചി

ഇ–ഹെല്‍ത്ത് കേരള സോഫ്റ്റ്‌വെയര്‍ പണിമുടക്കിയതോടെ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയവര്‍ വലഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അപ്ഡേഷന്‍ നടക്കുന്നതിനാല്‍ ഇടയ്ക്കിടെ ഇ–ഹെല്‍ത്ത് സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നുണ്ട്. ഇ–ഹെല്‍ത്ത് കേരളവഴിയാണ് ഒപി രജിസ്ട്രേഷന്‍, ബില്ലിങ് എന്നിവ നടക്കുന്നത്.


സൈറ്റ് തകരാറിലായതോടെ ജില്ലാകേന്ദ്രങ്ങളിലെ വലിയ ആശുപത്രികളില്‍ ജനറല്‍ ഒപിയിലെത്തിയ രോഗികള്‍ വലഞ്ഞു. മൊബൈല്‍ നമ്പറോ ആധാറോ ഉപയോഗിച്ചാണ് ഇ–ഹെൽത്ത്‌ കേരളയിലേക്ക് പ്രവേശിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതും ആശുപത്രികള്‍ക്ക്‌ കൈകാര്യം ചെയ്യാവുന്നതുമായ രണ്ടുഭാഗങ്ങളാണ് ഇ–ഹെല്‍ത്ത് സംവിധാനത്തിനുള്ളത്. ഇതില്‍ ആശുപത്രികളിലെ ചീട്ട്, ബില്ലിങ് സംവിധാനമാണ് നിലച്ചത്.


രാവിലെമുതല്‍ സൈറ്റ് നിലച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂറുകണക്കിന് രോഗികളാണ് വരിനിന്ന് വലഞ്ഞത്. ചീട്ടെടുക്കാന്‍ പറ്റാതെ വന്നതോടെ ജനങ്ങള്‍ രോഷാകുലരായി. ഏറെ നേരത്തിനൊടുവിലാണ് പ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടത്. പൂർണമായി പരിഹരിച്ചിട്ടില്ലെന്നാണ് സൂചന.


പിഎച്ച്എസി, എഫ്എച്ച്സിപോലെ ചെറിയ ആശുപത്രികളില്‍ പരമ്പരാഗതരീതിയില്‍ ചീട്ടെഴുതി നല്‍കാം. എന്നാല്‍, ദിവസവും നൂറുകണക്കിന് ഒപി രോഗികള്‍ എത്തുന്ന ജനറല്‍ ആശുപത്രിയില്‍ ചീട്ടെഴുത്ത് പ്രായോഗികമല്ല. ഇതിനുമുന്പും പലതവണ "അറ്റകുറ്റപ്പണി' എന്ന പേരില്‍ സൈറ്റ് പണിമുടക്കിയിട്ടുണ്ട്.


എത്രയുംവേഗം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സൈറ്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കിയില്ലെങ്കില്‍ രോഗികള്‍ കഷ്ടത്തിലാകും. കേരളത്തിലെ ആരോഗ്യവകുപ്പിനു കീഴിലുള്ള നാല്‍പത്തിയഞ്ചോളം സൈറ്റുകളും കൃത്യമായി പുതുക്കുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home