നെല്ല് സംഭരണം: ചർച്ച വൈകുന്നു
മില്ലുടമകളുമായി സർക്കാർ ഒത്തുകളി

വേണു കെ ആലത്തൂർ
Published on Sep 02, 2026, 01:07 AM | 1 min read
പാലക്കാട്
ഒന്നാംവിള കൊയ്‌ത്ത് തുടങ്ങാൻ ആഴ്‌ചകൾ മാത്രം ശേഷിക്കെ, നെല്ല് സംഭരണത്തിന് സ്വകാര്യ മില്ലുകാരുമായി ചർച്ചയ്‌ക്ക് തയ്യാറാകാതെ സപ്ലൈകോ. മില്ലുടമകളിൽനിന്ന് ജൂലൈ 14ന് സപ്ലൈകോ താൽപ്പര്യപത്രം ക്ഷണിച്ചെങ്കിലും പ്രതികരണമില്ല. മില്ലുടമകളുടെ സംഘടനയുടെ സമ്മർദം കാരണമാണിത്. അറുപതോളം മില്ലുകാരാണ് സംസ്ഥാനത്ത് സപ്ലൈകോയുമായി കരാർ ഒപ്പിടാറുള്ളത്. സംഭരണം വൈകിയാൽ നെല്ല് സൂക്ഷിക്കാനാകാതെ ചുരുങ്ങിയ വിലയ്‌ക്ക് സ്വകാര്യ മില്ലുകാർക്ക് നൽകേണ്ടിവരും. ഓരോ മില്ലുകാരിൽനിന്നും 20 മുതൽ 50 ലക്ഷം രൂപവരെ ഇടനിലക്കാർ വഴി കൈക്കൂലി ഉറപ്പിച്ചെന്നും സംഭരണം ഒരുമാസം വൈകിപ്പിക്കാൻ ശ്രമം നടക്കുന്നെന്നുമാണ് ആക്ഷേപം. സംഭരണത്തിന് സന്നദ്ധരായ മില്ലുകാരുമായി കൊയ്‌ത്ത് തുടങ്ങുംമുന്പേ ചർച്ച ചെയ്യാറാണ് പതിവ്. ഒന്നാംവിള കർഷക രജിസ്‌ട്രഷൻ ആഗസ്‌ത് 15ന് ആരംഭിച്ചിട്ടും സംഭരണനടപടി തുടങ്ങിയിട്ടില്ല. മില്ലുടമകൾ പലകാരണം പറഞ്ഞ് ചർച്ച മുടക്കുന്പോഴും സർക്കാർ ഇടപെടുന്നില്ല. ചർച്ചയ്‌ക്കുമുന്പേ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന വാദവും മില്ലുടമകൾ ഉന്നയിച്ചു. സംഭരിച്ച നെല്ല് അരിയാക്കിക്കൊടുക്കുന്പോൾ ഒരു ക്വിന്റൽ നെല്ലിന് മില്ലുകാർ നൽകേണ്ട ഒൗട്ട് ടേൺ റേഷ്യോ പാലക്കാട് ജില്ലയിൽ 68 കിലോയും മറ്റ് ജില്ലകളിൽ 66.5 കിലോയും അരിയാണ്. ഇത് 64.5 കിലോ ആക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒൗട്ട് റേഷ്യോ 64.5 കിലോയായി നിജപ്പെടുത്തിയിരുന്നു മില്ലുകാർക്ക് വരുന്ന നഷ്ടം സർക്കാർ ഏറ്റെടുക്കുമെന്നും ഉറപ്പുനൽകി. യുഡിഎഫ് സർക്കാർ അതിന് സന്നദ്ധമായിട്ടില്ല. മില്ലുകാർ കരാർ ഒപ്പിട്ടില്ലെങ്കിൽ കിലോയ്‌ക്ക് 20– 25 രൂപയ്‌യ്‌ക്ക് കർഷകർക്ക് നെല്ല് വിൽക്കേണ്ടിവരും. കേന്ദ്ര താങ്ങുവില 23.69 രൂപയും സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസ് 6.31 രൂപയുംചേർത്ത് 30 രൂപയാണ് കേരളത്തിലെ സംഭരണ വില.










0 comments