ad
Deshabhimani

ഉയരപ്പാതകളിൽ കെഎസ്‌ആർടിസി തോന്നുംപടി

സ്‌റ്റോപ്പ്‌ എവിടെ? നട്ടംതിരിഞ്ഞ്‌ യാത്രക്കാർ

കലവൂരിൽ ഉയരപ്പാതയിലൂടെ പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്

കലവൂരിൽ ഉയരപ്പാതയിലൂടെ പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്

avatar
സ്വന്തംലേഖകൻ

Published on Jun 07, 2026, 02:57 AM | 1 min read

ആലപ്പുഴ

ദേശീയപാത നവീകരണത്തിൽ നിർമാണം പൂർത്തിയായ ഉയരപ്പാതകൾ ഗതാഗതത്തിന്‌ തുറന്നുകൊടുത്തതോടെ വലഞ്ഞത്‌ കെഎസ്‌ആർടിസി യാത്രക്കാർ. പാതയിൽ ബസ്‌ സ്‌റ്റോപ്പുകളുടെ കാര്യത്തിൽ വ്യക്തതയില്ലാത്തതാണ്‌ കെഎസ്‌ആർടിസിയെ ആശ്രയിക്കുന്ന ദീർഘദൂര യാത്രക്കാരെ രാപ്പകൽ വ്യത്യാസമില്ലാതെ വലയ്‌ക്കുന്നത്‌. രാത്രി തെരുവുനായ ശല്യവും വഴിവിളക്കുകളുടെ അഭാവവും ദുരിതം ഇരട്ടിയാക്കുന്നു. ഓർഡിനറി ബസുകളും ഫാസ്റ്റ്‌ പാസഞ്ചറുകളും നിർബന്ധമായും സർവീസ്‌ റോഡുകളിലൂടെ പോകണമെന്നും സൂപ്പർ ഫാസ്റ്റ്‌ ബസുകൾ സ്‌റ്റോപ്പുകൾ ഉള്ളയിടത്ത്‌ പാതയിൽനിന്ന്‌ സർവീസ്‌ റോഡിലേക്ക്‌ ഇറങ്ങണമെന്നുമാണ്‌ നിർദേശം. സർവീസ്‌ റോഡുകൾ അടച്ചിട്ടിരിക്കുമ്പോൾ മാത്രമാണ്‌ ഉയരപ്പാതകളിലൂടെ സഞ്ചരിക്കാൻ അനുമതി. എന്നാൽ പലപ്പോഴും ഇത്‌ ലംഘിക്കപ്പെടുകയാണ്‌. കെഎസ്‌ആർടിസിക്കും ഇതുസംബന്ധിച്ച്‌ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്‌. കലവൂർ, വലിയ കലവൂർ, പാതിരപ്പള്ളി, പൂങ്കാവ്, ചേർത്തല മതിലകം, കളിത്തട്ട്‌, 11-–ാം മൈൽ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ഉയരപ്പാതകൾ തുറന്നത്‌. ദീർഘദൂര കെഎസ്‌ആർടിസി സർവീസുകൾ ഉയരപ്പാതയിലൂടെയാണോ താഴെക്കൂടിയാണോ സർവീസ് നടത്തേണ്ടത്, എവിടെയാണ് യാത്രക്കാരെ കയറ്റി ഇറക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ ഏകീകൃത നിർദേശം ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി. സർവീസ്‌ റോഡിലിറങ്ങാതെ ഉയരപ്പാത അവസാനിക്കുന്നിടത്ത്‌ യാത്രക്കാരെ ഇറക്കിവിടുന്നുണ്ട്‌. പിന്നീട്‌ യാത്രക്കാർ ഏറെദൂരം നടന്നുവേണം കവലകളിലെത്താൻ. ചില ബസുകൾ ഉയരപ്പാതയിലൂടെ പോകുമ്പോൾ സർവീസ്‌ റോഡിലെ സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് കയറാൻ കഴിയില്ല. എന്നാൽ, ചില ബസുകൾ സർവീസ് റോഡിലേക്ക് ഇറങ്ങുകയുംചെയ്യും. അതിനാൽ എവിടെ നിൽക്കണമെന്ന്‌ ആർക്കുമറിയില്ല. കവലകളിലുണ്ടായിരുന്ന പഴയ ബസ്‌ സ്‌റ്റോപ്പുകളിൽനിന്ന്‌ വളരെ മാറിയാണ്‌ ഉയരപ്പാതകളുടെ ലാൻഡിങ്‌. 
 ഉയരപ്പാതയിലൂടെ എത്തുന്ന ബസുകൾക്കായി ഇവിടെ റോഡരികിൽ കാത്തുനിൽക്കണം. നിർമാണം പുരോഗമിക്കുന്നതിനാൽ കാത്തുനിൽപ്പുകേന്ദ്രങ്ങളായിട്ടില്ല. പ്രായമേറിയവരുൾപ്പെടെ മഴയും വെയിലും സഹിക്കണം. എങ്കിലും ബസ്‌ എത്തുമോയെന്ന്‌ ഉറപ്പില്ല. ദേശീയപാത അതോറിറ്റി, കെഎസ്‌ആർടിസി, മോട്ടോർ വാഹന വകുപ്പ് സഹകരണത്തോടെ ഫ്ലൈഓവർ മേഖലകളിലെ ബസ് സ്റ്റോപ്പുകൾ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശവും സൂചനാബോർഡുകളും ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home