വാണിജ്യ സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു
കൂട്ടിക്കൂട്ടി എങ്ങോട്ടാ..?

വില വര്‍ധിച്ചതോടെ ജില്ലാ കോടതിക്ക് സമീപത്തെ ചിപ്സ് സെന്ററിൽ പാചകവാതക സിലിണ്ടർ മാറ്റിവെക്കുന്ന ജീവനക്കാരൻ
സ്വന്തം ലേഖകൻ
ആലപ്പുഴ
"ഫെബ്രുവരിയിൽ 1700 രൂപ ആയിരുന്ന ഗ്യാസ് വിലയാണ് ഇപ്പോള്‍ 2786 രൂപയായത്. ഇടയ്‍ക്ക് 3000 കടന്നിരുന്നു. പിന്നീട് ചെറിയ കുറവ് വരുത്തി. ഇപ്പോള്‍ വീണ്ടും കൂട്ടി. കടയിൽ 19 കിലോയുടെ സിലിണ്ടറാണ് ഉപയോഗിക്കുന്നത്. ദിവസം ഒരു സിലിണ്ടര്‍ വേണം. ആറുദിവസം കട നടത്തണമെങ്കിൽ കുറഞ്ഞത് അഞ്ച് സിലിണ്ടറെങ്കിലും വേണം. എങ്ങനെ കട നടത്തിക്കൊണ്ടുപോകും'. ആലപ്പുഴ പട്ടണത്തിലെ മീനു ചിഫ്‌സ് കടയുടമ ബെന്നിയുടെ വാക്കുകളിലുണ്ട് പാചകവാതക വിലവര്‍ധനയുണ്ടാക്കുന്ന പ്രതിസന്ധിയുടെ ആഴം. ചൊവ്വാഴ്‌ച 9.50 രൂപയാണ് 19 കിലോ വാണിജ്യസിലിണ്ടറിന് കമ്പനികള്‍ കൂട്ടിയത്. വാണിജ്യ സിലിണ്ടറുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, കഫേകൾ എന്നിവയെ എല്ലാം വിലവര്‍ധന ബാധിക്കും. പാചകച്ചെലവ് കൂടുമ്പോൾ ഹോട്ടലുടമകൾ ഭക്ഷണസാധന വില കൂട്ടാൻ നിർബന്ധിതരാകും. ഇത് സ്ഥിരമായി ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന ജോലിക്കാരെയും പുറത്തുനിന്ന് ആഹാരം കഴിക്കുന്ന സാധാരണക്കാരെയുമാണ് നേരിട്ട് ബാധിക്കുക. വിവാഹം, മറ്റ് കുടുംബചടങ്ങുകൾ, പൊതുപരിപാടികൾ എന്നിവയ്‍ക്ക് ഭക്ഷണം ഒരുക്കുന്ന കാറ്ററിങ് സർവീസുകളെയും വിലവർധന കാര്യമായി ബാധിക്കും. ഇതോടെ സാധാരണക്കാരുടെ വിശേഷദിവസങ്ങളിലെ ബജറ്റും താളം തെറ്റും. ചെറുകിട പലഹാര നിർമാണകേന്ദ്രങ്ങൾ, ബേക്കറി, ലഘുഭക്ഷണങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റുകൾ, ചായക്കടകൾ എന്നിവയുടെ ദൈനംദിന ചെലവ് ഉയരും. ചിപ്‍സ്, ബേക്കറി പലഹാരങ്ങൾ തുടങ്ങിയവയുടെ വില ഉയരും. കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടുകാരണം പാചകവാതക പ്രതിസന്ധിയുണ്ടായപ്പോള്‍ ഒരു ചായയുടെ വില 12 രൂപയും 15 രൂപയുമായി ഉയര്‍ന്നിരുന്നു. പലഹാരങ്ങളുടെയും വില കൂടി. വീണ്ടും പാചകവാതക വില കൂടിയാൽ പുറത്തുനിന്ന് ഒരു ചായ വാങ്ങിക്കുടിക്കാൻ പോലും പറ്റാത്തനിലയിലാകും കാര്യങ്ങള്‍.










0 comments