ad
Deshabhimani

വിങ്ങിപ്പൊട്ടി അധ്യാപകർ

‘ഞങ്ങളിനി എന്തുചെയ്യും’

protest

അധ്യാപകരെ പിരിച്ചുവിട്ട ഉത്തരവിനെതിരെ ഡി ഡി ഇ ഓഫീസിലേക്ക് കെഎസ്‌ടിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനം

വെബ് ഡെസ്ക്

Published on Jul 16, 2026, 02:27 AM | 2 min read

ഫെബിൻ ജോഷി

ആലപ്പുഴ

‘‘ഒരുരാത്രി ഉറങ്ങിയെണീറ്റപ്പോൾ ജോലിയില്ലാതെയായി. ഞങ്ങളിനി എവിടെ പോകും. പണം കൊടുത്തുവാങ്ങിയതല്ല, രാവന്തിയോളം പഠിച്ച്‌ പരീക്ഷയെഴുതി നേടിയ ജോലിയാണ്‌. കഴിഞ്ഞ 10 വർഷം ഇങ്ങനെ അധ്യാപകർ ക്ലാസ്‌മുറി വിട്ട്‌ സമരത്തിന്‌ ഇറങ്ങുന്നത്‌ കണ്ടിട്ടുണ്ടോ. ഞങ്ങൾ ഇന്ന്‌ മുതൽ എവിടെ പോകും’’– ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്‌ മുന്നിൽ പ്രതിഷേധത്തിന്‌ നടുവിലിരുന്ന്‌ കുന്നംകരി ഗവ. എൽപി സ്‌കൂളിലെ അധ്യാപിക ജോസ്‌ന ജോസ്‌ വിങ്ങിപ്പൊട്ടി. വർഷങ്ങളുടെ കാത്തിരിപ്പിന്‌ ശേഷം പിഎസ്‌സി പരീക്ഷയെഴുതി നിയമനം നേടിയിട്ടും ഒറ്റ രാത്രികൊണ്ട്‌ തൊഴിൽ രഹിതയായതിന്റെ നിരാശയും ആശങ്കയുമാണ്‌ വാക്കുകളിൽ. ജോസ്‌ന മാത്രമല്ല. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ സാധാരണക്കാരന്റെ മക്കൾക്ക്‌ അറിവ്‌ പകർന്ന 35 അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ ഉദാസീന നിലപാടിൽ അരക്ഷിതരാക്കപ്പെട്ടത്‌. ഇതിൽ 20 വർഷത്തെ അധ്യാപക ജീവിതത്തിന്റെ തുടർച്ചയിൽ ജില്ലയിലേക്ക്‌ കഴിഞ്ഞ വർഷം സ്ഥലം മാറിയെത്തിയ വൈശ്യഭാഗം ഗവ. എൽപി സ്‌കൂളിലെ കെ രാജശ്രീയടക്കം അധ്യാപകരുമുണ്ട്‌. അന്തർജില്ലാ സ്ഥലംമാറ്റത്തിലൂടെ ഇവിടെയെത്തിയതോടെയാണ്‌ രാജശ്രീയുടെ സീനിയോറിറ്റി റദ്ദായത്‌. രാത്രി വൈകിയും സെൻസസ്‌ ഡ്യൂട്ടിയിൽ തുടർന്നതിനാൽ പലരും ഉത്തരവ്‌ കാണുന്നത്‌ അതിരാവിലെയാണ്‌. ഇതോടെയാണ്‌ കെഎസ്‌ടിഎ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിന്‌ മുന്നിലേക്ക്‌ അധ്യാപകരെത്തിയത്‌. ​നാഥനില്ലാത്ത ദുർഗതി ​നാഥനില്ലാത്ത ദുർഗതി ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ താളം തെറ്റിക്കുന്ന കാഴ്‌ചയുടെ മികച്ച ഉദാഹരണമാണ്‌ 35 അധ്യാപകരെ ചുമതലയിൽനിന്ന്‌ നീക്കി തൊഴിൽ രഹിതരാക്കിയ ഉത്തരവ്‌. മെയ്‌ 31ന്‌ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ വിരമിച്ച ശേഷം നിയമനം നടത്തിയിട്ടില്ല. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതിന്‌ പിന്നാലെ നേതാക്കളും സംഘടന ഭാരവാഹികളും നടത്തിയ പ്രതികാര സ്ഥലംമാറ്റങ്ങൾ ഓഫീസിന്റെ താളംതെറ്റിച്ചു. ​പിടിച്ചുകെട്ടിയ 
സമരാവേശം ​ചുമതലയിൽനിന്ന്‌ നീക്കപ്പെട്ട അധ്യാപകരുടെ പ്രതിനിധികൾ വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ പൂർണ ചുമതലയുള്ള അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റുമായി സംസാരിച്ചെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. പിന്നാലെ കെഎസ്‌ടിഎയുടെ നേതൃത്വത്തിൽ ഉപരോധത്തിലേക്ക്‌ കടക്കുകയായിരുന്നു. അധ്യാപകരും നേതാക്കളും ഓഫീസിന്‌ മുന്നിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. പ്രതിഷേധം കടുപ്പിച്ചതോടെ ഉത്തരവ്‌ മരവിപ്പിച്ച്‌ അധികൃതർ തലയൂരി. ​ഭരണാനുകൂലികളുടെ സമര നാടകം ​ ജ‍ൂനിയർ അധ്യാപകരെ പുറത്താക്കിയ ഉത്തരവിനെതിരെ കെഎസ്‌ടിഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം വാർത്തയായതോടെ കോൺഗ്രസ്‌ അനുകൂല സംഘടന ഭാരവാഹികളുമെത്തി. അപ്പോഴേക്കും ഉത്തരവ്‌ നീക്കുന്നതിന്‌ തീരുമാനമായിരുന്നു. 10ൽ താഴെ അംഗങ്ങളുമായി എത്തിയ ഇവർ ഓഫീസ്‌ ജീവനക്കാർക്കെതിരെ മുദ്രാവാക്യം വിളിച്ചു. സർക്കാരിനെ കരിവാരിതേക്കാൻ ജീവനക്കാർ മനപൂർവം പുറത്തിറക്കിയതാണ്‌ ഉത്തരവെന്നായിരുന്നു ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home