ad
Deshabhimani

ഇന്ന്‌ ലോക പാന്പ്‌ ദിനം

കാലാവസ്ഥാ വ്യതിയാനം: 
പാമ്പിറങ്ങും, സൂക്ഷിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
കെ വി ശ്രുതി

Published on Jul 16, 2026, 02:47 AM | 1 min read

കണ്ണൂർ

കാലാവസ്ഥാ വ്യതിയാനം ജനവാസമേഖലകളിൽ വിഷപ്പാന്പുകളടക്കമുള്ളവയുടെ സാന്നിധ്യം വർധിപ്പിക്കുമെന്ന്‌ മുന്നറിയിപ്പ്. കാലാവസ്ഥയിലെ മാറ്റം പാമ്പുകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. താപനിലയിലുണ്ടായ വർധന, മഴയുടെ രീതിയിലുള്ള മാറ്റം, വനമേഖലകളിലെ വ്യതിയാനം എന്നിവയാണ്‌ ജനവാസമേഖലകളിൽ പാന്പുകളുടെ സാന്നിധ്യം വർധിക്കാൻ കാരണമായി വിലയിരുത്തുന്നത്. പബ്ലിക്‌ ലൈബ്രറി ഓഫ്‌ സയൻസ്‌ (പിഎൽഒഎസ്‌) നെഗ്ലക്ടഡ്‌ ട്രോപ്പിക്കൽ ഡിസീസസ്‌ ജേർണലും ദ ബ്രിട്ടീഷ്‌ മെഡിക്കൽ ജേർണലും (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിലാണ്‌ ഇ‍ൗ വിവരങ്ങൾ. കാലാവസ്ഥാ വ്യതിയാനം പാമ്പുകളുടെ ആവാസവ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങൾ മനുഷ്യരെ അപകടത്തിലേക്ക് നയിക്കുന്നതിനൊപ്പം ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നതായും പിഎൽഒഎസ്‌ മുന്നറിയിപ്പ്‌ നൽകുന്നു. ബിഎംജെ 508 വിഷപ്പാമ്പുകളുടെ സാന്നിധ്യ പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കി നടത്തിയ പഠനത്തിലൂടെ കാലാവസ്ഥാ വ്യതിയാനം പാമ്പുകളിലൂടെയുള്ള അപകടസാധ്യത വർധിപ്പിക്കുന്നതായി രേഖപ്പെടുത്തുന്നു. ചില പ്രദേശങ്ങളിൽ പാമ്പുകളുടെ ആവാസവ്യവസ്ഥ ചുരുങ്ങാനും മറ്റ് മേഖലകളിൽ സാന്നിധ്യം വർധിക്കാനും കാരണമായി. ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടി മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്ന്‌ ആരോഗ്യവിദഗ്ധർ പറയുന്നു. കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിലെ പ്രധാന കാരണം സമയബന്ധിതമായി ചികിത്സ നേടാത്തതാണ്‌. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യസൗകര്യങ്ങൾ ശക്തിപ്പെടുത്തുക, ആവശ്യമായ അളവിൽ ആന്റിവെനം ലഭ്യമാക്കുക, പൊതുജനങ്ങൾക്ക് ശാസ്ത്രീയ ബോധവൽക്കരണം നൽകുക എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.


ബോധവൽക്കരണം ഇന്ന്‌

കണ്ണൂർ മലബാർ അവേർനെസ്‌ ആൻഡ്‌ റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ്‌ ലൈഫും (മാർക്ക്‌) കണ്ണൂർ സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേർന്ന്‌ ലോക പാന്പ്‌ ദിനത്തിൽ ‘അറിയാം പാന്പുകളെ, അകറ്റാം ഭയത്തെ’ വിഷയത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കും. കണ്ണൂർ ട‍ൗൺ എച്ച്‌എസ്‌എസിൽ വ്യാഴം പകൽ ഒന്നിനാണ്‌ പരിപാടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home