തുടക്കം വിജയമധുരം: വാമോസ് അർജന്റീന !

അർജന്റീനയുടെ വിജയമാഘോഷിക്കാൻ 25 വർഷത്തിനുശേഷം കളിക്കളത്തിലിറങ്ങിയ കെആർസി ഫുട്‌ബോൾ ടീം
ആലപ്പുഴ
അർജന്റീനയുടെ മിന്നുന്ന ജയത്തോടെ ലോകകപ്പ് ഫുട്‌ബോൾ ആവേശം നാടെങ്ങും പാരമ്യത്തിലെത്തി. മലയാളക്കരയിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായ അർജന്റീനയുടെ ആധികാരിക ജയം മെസിയുടെ തകർപ്പൻ ഹാട്രിക്കോടെയായത് ആരാധകർക്ക് ഇരട്ടിമധുരമായി. ബുധനാഴ്‌ച രാവിലെയായിരുന്നു അൾജീരിയയുമായി അർജന്റീന ഏറ്റുമുട്ടിയത്. രാവിലെമുതൽ ആരാധകർ ടിവിക്ക് മുന്നിലെത്തി. പലയിടത്തും ആരാധകക്കൂട്ടങ്ങൾ ഒരുമിച്ചിരുന്ന് കളികാണാൻ സൗകര്യമൊരുക്കിയിരുന്നു. 2022 ലോകകപ്പിൽ തോൽവിയോടെയായിരുന്നു അർജന്റീനയുടെ തുടക്കമെങ്കിൽ ഇക്കുറി മിന്നും ജയത്തോടെയായത് അവർ ശരിക്കും ആഘോഷിച്ചു. ചിലയിടങ്ങളിൽ മധുരം വിതരണംചെയ്‌തതും ആഘോഷത്തിന് മാറ്റുകൂട്ടി.
എവർഗ്രീൻ ബാക്ക് ടു ഫോം
മാന്നാർ
ലോകകപ്പിലെ അർജന്റീനയുടെ ആദ്യ വിജയം ആഘോഷിക്കാൻ കാൽനൂറ്റാണ്ടിനുശേഷം ബൂട്ടണിഞ്ഞ് എവർഗ്രീൻ താരങ്ങൾ. എൺപതുകളുടെ പകുതിയി-ൽ മാന്നാറിന്റെ കായികഭൂപടത്തിൽ വിസ്‌മയം തീർത്ത കുരട്ടിക്കാട് റിക്രിയേഷൻ ക്ലബ് (കെആർസി) താരങ്ങളാണ് വീണ്ടും കളിത്തിലിറങ്ങിയത്. കുരട്ടിക്കാട് ഈസ്‌റ്റ് വെൽഫെയർ എൽപിഎസിൽ സജി ചെറിയാൻ എംഎൽഎയുടെ വികസന ഫണ്ടിൽ പൂർത്തീകരിച്ച ടർഫ് കോർട്ടിലായിരുന്നു മത്സരം. കേരള സ്‌പോർട്സ് കൗൺസിൽ കോച്ച് സിബി മനോഹരൻനായരുടെ ശിക്ഷണത്തിലായിരുന്നു ടീം. അന്തരിച്ച മുൻ എംആർസി താരം ചാക്കോയുടെ സ്‌മരണാർഥം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിലാണ് ടീം ആദ്യമായി പന്തുതട്ടിയത്. ബിജു ജോയുടെ ക്യാപ്റ്റൻസിയിൽ നവാസ്, സാബു കാവിൽ, സലിം പടിപ്പുരക്കൽ, സജി അൾടെക്ക്, സാജൻ, രാജേന്ദ്രൻ, സുനിൽകുമാർ എന്നീ പ്രധാനികളുണ്ടായിരുന്നു. ഗോൾവല കാത്തിരുന്ന ലിബുവും പോരാട്ടവീര്യം പകർന്ന ഷാജി ആലപ്പിയും നിറസാന്നിധ്യമായിരുന്നു. വീണ്ടും മൈതാനത്തിറങ്ങിയപ്പോൾ പ്രിയപ്പെട്ട ആ രണ്ട് സഹതാരങ്ങളുടെ അഭാവത്തിന്റെ ശൂന്യത മനസിൽ നിറഞ്ഞു. 1985–-87 വേനലവധിയിൽ കെആർസി മാന്നാർ നായർ സമാജം സ്‌കൂൾ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച കോച്ചിങ് ക്യാമ്പുകൾ സുപ്രധാന ഏടാണ്. ടീം ക്യാപ്റ്റൻ സജി അൽടെക്കിന്റെ നേതൃത്വത്തിൽ അണിനിരന്ന സംഘത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സലിം പടിപ്പുരക്കൽ, റിട്ട. ആർടിഒ ഓഫീസ് ഡ്രൈവർ നവാസ്, സാബു കാവിൽ, സാജൻ, അൻസാരി കാട്ടിൽ, ഷബീർ അബ്ബാസ്, ബിജൂസ്, അനീഷ്, പി ജെ അൻഷാദ്, രഞ്‌ജിത്ത്, അമ്പി, മാഹീൻ എന്നിവരും പങ്കെടുത്തു.










0 comments