ad
Deshabhimani

ആലപ്പുഴയോളങ്ങളിലും കുതിക്കും ജലമെട്രോ

എൽഡിഎഫ്‌ സർക്കാരിന്റെ വികസനപദ്ധതികളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച കൊച്ചി ജലമെട്രോ മാതൃക ആലപ്പുഴയിലേക്കും.
വെബ് ഡെസ്ക്

Published on Jan 29, 2026, 01:40 AM | 1 min read

ആലപ്പുഴ

എൽഡിഎഫ്‌ സർക്കാരിന്റെ വികസനപദ്ധതികളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച കൊച്ചി ജലമെട്രോ മാതൃക ആലപ്പുഴയിലേക്കും. ജലരാജാക്കന്മാരായ ചുണ്ടൻവള്ളങ്ങളുടെ കേളീരംഗമായ ആലപ്പുഴയുടെ കായലോളങ്ങളിൽ വൈകാതെ ജലമെട്രോയുടെ ആധുനിക ബോട്ടുകളും കുതിച്ചുപായും. രാജ്യത്ത്‌ ജലമെട്രോ നിലവിൽവന്ന ആദ്യനഗരമെന്ന ഖ്യാതി നേടിയ കൊച്ചി ജലമെട്രോ അന്താരാഷ്‌ട്രതലത്തിൽത്തന്നെ ശ്രദ്ധേ നേടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ പുതിയ വികസനമാതൃക പകർത്തുന്നു. രാജ്യത്ത്‌ 18 കേന്ദ്രത്തിൽ ജലമെട്രോ പദ്ധതി നടപ്പാക്കാൻ പ്രാഥമിക പഠനങ്ങൾ ആരംഭിച്ചു. ഇതിലൊന്നാണ്‌ ആലപ്പുഴ. ജലഗതാഗതത്തിന്റെ പ്രാധാന്യത്തിനൊപ്പം വിനോദസഞ്ചാരമേഖലയുടെ വികസനവും കണക്കിലെടുത്താണ്‌ ആലപ്പുഴയിൽ പദ്ധതിപ്രവർത്തനങ്ങൾ മുന്നേറുന്നത്‌. കൊച്ചി മെട്രോ റെയിൽവേ ലിമിറ്റഡിനാണ്‌ (കെഎംആർഎൽ) സാധ്യതാപഠനത്തിന്റെ ചുമതല. ഇതിന്‌ മുന്നോടിയായി കെഎൽആർഎൽ അധികൃതർ ആലപ്പുഴ സന്ദർശിച്ചിരുന്നു. പദ്ധതി പ്രദേശത്തെ യാത്രക്കാരുടെ എണ്ണം, റൂട്ടുകൾ, ജലാശയങ്ങളുടെ ആഴം തുടങ്ങിയവയുടെ വിശദപഠനത്തിന്‌ അന്താരാഷ്‌ട്ര കൺസൾട്ടിങ്‌ ഏജൻസിയായ സിസ്‌ട്രയെ ഏൽപ്പിച്ചിരിക്കുകയാണെന്ന്‌ കൊച്ചി ജലമെട്രോ അധികൃതർ പറഞ്ഞു. പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. കൂടുതൽ ജലാശയങ്ങൾ ഉള്ളതും ജലഗതാഗതത്തിന്‌ കൂടുതൽ ആവശ്യക്കാരുള്ളതും കണക്കിലെടുക്കുന്പോൾ ആലപ്പുഴയ്‌ക്ക്‌ പദ്ധതി വളരെയധികം യോജിച്ചതാകുമെന്നാണ്‌ കരുതുന്നത്‌. ജലഗതാഗതവകുപ്പിന്റെ ബോട്ടുകളെ ബാധിക്കാത്ത രീതിയിലാകും മെട്രോ സർവീസുകൾ. മുഹമ്മ, പാതിരാമണൽ, കുമരകം തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ പദ്ധതിയിൽ ഉൾപ്പെടും. പദ്ധതി പ്രദേശത്തെ കായലിന്റെ പ്രത്യേകത കണക്കിലെടുത്ത്‌ കൊച്ചി ജലമെട്രോയുടെ ബോട്ടുകളേക്കാൾ വേഗവും കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ എ സി സ‍ൗരോർജ ബോട്ടുകളാണ്‌ സർവീസിന്‌ പരിഗണിക്കുന്നത്‌. ഇവയ്‌ക്ക്‌ പരിസരമലിനീകരണവും കുറവാണ്‌. കൊല്ലത്തും ജലമെട്രോ പരിഗണനയിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home