കുടിവെള്ള ക്ഷാമം
ജല അതോറിട്ടി ഓഫീസ് ഉപരോധിച്ചു

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് മണ്ണഞ്ചേരി പഞ്ചായത്ത് ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു
മണ്ണഞ്ചേരി
മണ്ണഞ്ചേരി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ആലപ്പുഴ വഴിച്ചേരിയിലെ ജല അതോറിട്ടി ഓഫീസ് ഉപരോധിച്ചു.
കായലോര പഞ്ചായത്തായ ഇവിടെ എല്ലാ വാർഡുകളിലും കുടിവെള്ളം ലഭ്യമാകുന്നില്ല. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ഭാഗികമാണ്. തമ്പകച്ചുവട്ടിലെ ജലസംഭരണിയിൽനിന്ന് പന്പുചെയ്യുന്ന വെള്ളം ആ പ്രദേശത്തു പോലും തികയുന്നുമില്ല. മിക്ക ദിവസങ്ങളിലും ഈ സംവിധാനങ്ങൾ എല്ലാം പലവിധകാരണങ്ങളാൽ പ്രവർത്തിപ്പിക്കാനും കഴിയാറില്ല. ഇക്കാരണത്താൽ വീടുകളിലും സ്ഥാപനങ്ങളിലും കുടിവെള്ളം വിലയ്ക്ക് വാങ്ങുകയാണ്.
ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാറിന്റെ നേതൃത്വത്തിൽ ജല അതോറിട്ടി ഓഫീസ് ഉപരോധിച്ചത്. സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് രണ്ട് കുഴൽ കിണറുകൾ സ്ഥാപിച്ച് വെള്ളം നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു പ്രശ്നങ്ങളും പരിഹരിക്കുമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഉല്ലാസ്, സ്ഥിരം സമിതി അധ്യക്ഷരായ വി കെ ഉല്ലാസ്, സന്ധ്യ ശശിധരൻ, സുധർമ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments