ad
Deshabhimani

വി എസിന്റെ വേലിക്കകത്ത് വീട്ടിലെ ചുവർചിത്രരചന പൂർണതയിലേക്ക്‌

സമരജീവിതം പ്രോജ്വലിച്ചു, വർണങ്ങളായി

വേലിക്കകത്ത് വീട്ടിൽ ചിത്രം വരയ്‌ക്കുന്ന കലാകാരന്മാർ

വേലിക്കകത്ത് വീട്ടിൽ ചിത്രം വരയ്‌ക്കുന്ന കലാകാരന്മാർ

avatar
വി പ്രതാപ്‌

Published on May 11, 2026, 12:38 AM | 1 min read

അമ്പലപ്പുഴ

സമരംതന്നെ ജീവിതമായ ആ കനൽവഴികൾ വർണരേഖകളായി നിറഞ്ഞു. പുന്നപ്ര – വയലാർ സമരനായകനും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ജീവിതത്തിലെ അനശ്വര മുഹൂർത്തങ്ങൾ അദ്ദേഹത്തിന്റെ പറവൂരിലെ വേലിക്കകത്ത് വീടിന്റെ ചുറ്റുമതിലിലാണ് വർണചിത്രങ്ങളായി പുനഃസൃഷ്ടിച്ചത്. ​കേരളത്തിന്റെ നൂറ്റാണ്ട് പിന്നിട്ട വിപ്ലവ പോരാട്ടങ്ങളുടെ ചരിത്രം കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഗ്രാഫിറ്റി ക്യാമ്പിന്റെ ഭാഗമായി ഒരുകൂട്ടം കലാകാരന്മാരിലൂടെ ജീവൻ തുടിക്കുന്ന ചുവർചിത്രങ്ങളായി. കോറിയിട്ട നേർരേഖകളിലൂടെ സഹനത്തിന്റെയും സമരത്തിന്റെയും ചരിത്രമായാണ്‌ വി എസ്‌ തെളിയുന്നത്‌. വി എസിന്റെ വിയോഗശേഷമുള്ള ജന്മദിനത്തോടനുബന്ധിച്ച് അക്കാദമി സംഘടിപ്പിച്ച ആദ്യ ക്യാമ്പിൽ 10 ചിത്രം പൂർത്തിയാക്കി. പുറം ചുമരിലായിരുന്നു ഇ‍ൗ ചിത്രരചന. അകംചുമരിലെ ചിത്രരചന അഞ്ചിനാണ്‌ തുടങ്ങിയത്. അക്കാദമി അംഗം ആലപ്പുഴ ആലിശേരി സ്വദേശി ടി ബി ഉദയൻ ഉൾപ്പെട്ട 15 പേരിലൂടെയാണ്‌ വിപ്ലവ സൂര്യൻ ഉദിച്ചത്‌. ഇപ്പോൾ ഒരുക്കുന്ന 30 ചിത്രങ്ങളിൽ പൂർത്തിയാകാനുള്ളത്‌ വിലാപയാത്രാ ദൃശ്യം മാത്രം. തീഷ്‌ണ ജീവിതവഴികൾ പിന്നിട്ട് ജനമനസുകളിൽ കനലായി വി എസ്‌ എങ്ങനെ ജ്വലിക്കുന്നുവെന്നതിന്റെ കാഴ്‌ചയാണ്‌ ഓരോന്നും. വസൂരി മൂർഛിച്ച് താൽക്കാലിക കുടിലിലേക്ക് മാറ്റിപ്പാർപ്പിച്ച അമ്മയെ കാണാൻ അച്ഛന്റെ കൈ പിടിച്ച്‌ വി എസ്‌ എത്തുന്നത്‌, സ്‌കൂൾ പഠനകാലത്ത് സവർണ കുട്ടികളുടെ ആക്രമണത്തിൽനിന്ന്‌ രക്ഷനേടാൻ സ്വന്തം അരഞ്ഞാണം അഴിച്ച് ചുഴറ്റി പ്രതിരോധിക്കുന്നത്‌, തയ്യൽകാരനായും കയർഫാക്ടറി തൊഴിലാളിയായുമുള്ള ഏടുകൾ, സ. പി കൃഷ്ണപിള്ള സംസാരിക്കുന്ന യോഗത്തിൽ വി എസ് കേൾവിക്കാരനായിരിക്കുന്നത്‌, ലോക്കപ്പ് മർദ്ദനത്തിനിടെ ബയണറ്റ് കുത്തി ആഴത്തിൽ മുറിവേൽപ്പിച്ച കാൽ, മതികെട്ടാൻ, പെമ്പിളൈ ഒരുമൈ സമരം, എൻഡോസൾഫാൻ അതിജീവന മുഖങ്ങളിലെ സാന്നിധ്യം, രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചന, കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പവും ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കൊപ്പവുമുള്ള ദൃശ്യം തുടങ്ങിയവയാണ്‌ ചിത്രപരന്പരയിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home