വിനോഷ്; മനക്കരുത്തിന്റെ മാൻ ഓഫ് ദി മാച്ച്

വിനോഷ് കളിച്ചുനേടിയ ട്രോഫിയുമായി
കെ എസ് ലാലിച്ചൻ
Published on Mar 13, 2025, 02:56 AM | 2 min read
മാരാരിക്കുളം
രണ്ടര വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ വലതുകാൽ മുട്ടിനുമുകളിൽ മുറിച്ചുമാറ്റേണ്ടി വന്നെങ്കിലും കെ എസ് വിനോഷ് ക്രിക്കറ്റ് വിട്ടില്ല. വീൽചെയറിലിരുന്ന് മികച്ച കളിക്കാരനായി മാറുകയാണ്. മണ്ണഞ്ചേരി വടക്കനാര്യാട് കാട്ടുവേലിക്കകത്ത് ശ്രീകുമാറിന്റെയും സിന്ധുവിന്റെയും മകനാണ് 27 കാരനായ ഈ കായിക താരം. അതിജീവനത്തിന്റെ കരുത്തുമായി.. പ്രതിസന്ധികളെ അസാധാരണമായ മനക്കരുത്തിൽ തോൽപ്പിച്ച് ജീവിതം തിരിച്ചുപിടിക്കുന്ന വിനോഷ് പ്രതിഭ വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ കേരള ടീം അംഗമാണ്. ഫെബ്രുവരിയിൽ തമിഴ്നാട്ടിൽ നടന്ന ടൂർണമെന്റിൽ കേരള ടീം വിജയിച്ചപ്പോൾ രണ്ട് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരിസുമായി. ഭോപ്പാലിൽ ജനുവരിയിൽ എട്ട് സംസ്ഥാനങ്ങൾ പങ്കെടുത്ത മത്സരത്തിൽ സെമിയിലെത്തി. അവിടെയും വിനോഷ് മാൻ ഓഫ് ദി മാച്ചായി. കൂടാതെ മുംബൈയിൽ നടന്ന മത്സരത്തിലും സെമിവരെ കളിച്ച് ഈ താരം മാൻ ഓഫ് ദി മാച്ചായി. വേണം ന്യൂമോഷൻ വീൽചെയർ കോഴിക്കോട് പുളിക്കലിൽ അഖിലിന്റെ നേതൃത്വത്തിലാണ് കേരള ടീം പരിശീലനം നേടുന്നത്. വിലകുറഞ്ഞ വീൽചെയറിൽ ഇരുന്ന് കൈകൊണ്ട് തള്ളിനീക്കി ഏറെ ആയാസപ്പെട്ടാണ് ടീം പരിശീലനം നേടുന്നതും മത്സരത്തിൽ പങ്കെടുക്കുന്നതും. 40,000 രൂപ വിലയുള്ള ന്യൂമോഷൻ വീൽ ചെയറിലിരുന്ന് കളിക്കുന്ന മറ്റുടീമുകളെയാണ് നേരിടുന്നത്. എങ്കിലും മികവോടെ കേരള ടീമിന് കളിക്കാൻ കഴിയുന്നു. ചെലവ് ഓരോ കളിക്കാരുമാണ് വഹിക്കുന്നത്. ട്രെയിൻ യാത്ര ചെയ്യാനാകാത്തവർ വാടക കാറിലാണ് മത്സരങ്ങൾക്ക് പോകുന്നത്. ഇവർക്ക് അയ്യായിരത്തിലേറെ രൂപ ചെലവാകുന്നുണ്ട്. കോഴിക്കോട് പരിശീലനത്തിന് ചെല്ലുമ്പോൾ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് സംഘടന താമസ സൗകര്യവും ഭക്ഷണവും സൗജന്യമായി നൽകും. 11 കളിക്കാർക്ക് ന്യൂമോഷൻ വീൽചെയർ ലഭിച്ചാൽ ആയാസരഹിതമായി കളിക്കാനാകും. പ്രീമിയർ ലീഗ് മത്സരത്തിലേക്ക് തെരഞ്ഞെടുത്തപ്പോൾ പി പി ചിത്തരഞ്ജൻ എംഎൽഎ ആറായിരം രൂപയുടെ ബാറ്റ് സംഘടിപ്പിച്ചു തന്നിരുന്നതായി വിനോഷ് പറഞ്ഞു. സിപിഐ എം ഏരിയ ജാഥയിൽ ഏരിയ സെക്രട്ടറി പി രഘുനാഥ് വിനോഷിനെ അനുമോദിച്ചിരുന്നു. സ്വപ‍്നങ്ങൾ തകർത്ത അപകടം ആലപ്പുഴ --തണ്ണീർമുക്കം റോഡിൽ കൂട്ടുകാരന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്രചെയ്യുമ്പോൾ തമ്പകച്ചുവടിന് സമീപം പിന്നാലെവന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിനോഷിന്റെ അരയ്ക്ക് കീഴോട്ടായിരുന്നു പരിക്ക്. മൂത്രസഞ്ചി തകർന്നു. വലതുകാൽ ഒടിഞ്ഞു. ചലനശേഷിയും ഇല്ലായിരുന്നു. കാലു മുറിച്ചുമാറ്റേണ്ടി വന്നു. ചികിത്സയ്ക്കും മറ്റുമായി ലക്ഷങ്ങളുടെ ബാധ്യതയിലായി കുടുംബം. ഇന്നും വീട്ടിലിരുന്ന് ചികിത്സ തുടരുകയാണ്. ഡയപ്പർ ഉപയോഗിക്കേണ്ടി വരുന്നു. തയ്യൽ തൊഴിലാളിയായ അച്ഛനും അങ്കണവാടിവർക്കറായ അമ്മയും സ്വകാര്യാശുപത്രിയിലെ പിആർഒയുമായ സഹോദരൻ വിഷ്ണുവും ഉൾപ്പെടുന്നതാണ് കുടുംബം. തുടർചികിത്സയുടെ ചെലവ് കണ്ടെത്താൻ, കൃത്രിമകാൽപിടിപ്പിച്ച് വീടിനുസമീപത്തെ ടർഫിൽ താൽക്കാലിക ജോലി ചെയ്യുകയാണ് വിനോഷ്. കൈപോള സിനിമയും വീൽചെയർ ക്രിക്കറ്റ് കളിക്കാരുടെ പ്രശ്നങ്ങൾ എടുത്തു കാണിക്കാൻ കൈപോള മലയാള സിനിമയും.ഇന്ദ്രൻസ്, സജൽ സുദർശൻ, അഞ്ജു കൃഷ്ണ അശോക് എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമ ഈ വിഭാഗം കളിക്കാരെ ശാക്തീകരിക്കാൻ സഹായിക്കുന്നു.









0 comments