Deshabhimani

മരുന്നില്ലാതെ 3 മാസം

വയോമിത്രവും രോഗശയ്യയിൽ

vayo
വെബ് ഡെസ്ക്

Published on Oct 14, 2026, 02:27 AM | 1 min read

ആലപ്പുഴ

വയോജനങ്ങൾക്ക് സൗജന്യമായി ചികിത്സയും മരുന്നും നൽകുന്ന സംസ്ഥാന സർക്കാരിന്റെ വയോമിത്രം പദ്ധതിയും ജില്ലയിൽ താളം തെറ്റി. യുഡിഎഫ്‌ സർക്കാർ നഗരസഭകളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചതോടെയാണ്‌ പദ്ധതി പ്രതിസന്ധിയിലായത്‌. ജീവിത ശൈലി രോഗത്തിന്റെ മരുന്നുകൾ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മാസമായി വയോമിത്രം ക്ലിനിക്കുകളിൽ ലഭ്യമാകുന്നില്ല. മരുന്നുകൾക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. ഭീമമായ തുകയാണ് അവിടെ ഇ‍‍ൗടാക്കുന്നത്‌. യുഡിഎഫ്‌ സർക്കാർ പദ്ധതിവിഹിതം പുനക്രമീകരിച്ചതിലൂടെ ആറ്‌ നഗരസഭകളുടെ വികസന ഫണ്ടിൽ (പൊതുവിഭാഗം) 34.77 കോടിയുടെ കുറവുണ്ടായി. ധനകാര്യ കമീഷൻ ഗ്രാന്റ് അനുവദിക്കുന്ന രീതിയിലും വിനിയോഗ വ്യവസ്ഥകളിലും മാറ്റം വരുത്തി. ഇതും പദ്ധതി പ്രവർത്തനത്തെ പിന്നോട്ടടിച്ചു. എൽഡിഎഫ്‌ സർക്കാരിന്റെ അവസാന ബജറ്റിൽ 56.63 കോടിയായിരുന്നു ജില്ലയിലെ നഗരസഭകൾക്ക്‌ വികസന ഫണ്ട്‌ വിഹിതം. യുഡിഎഫ്‌ സർക്കാർ ഇത്‌ 21.86 കോടിയായി ചുരുക്കി. ജനറൽ, താലൂക്ക്‌ ആശുപത്രികളിലേക്ക്‌ മരുന്നും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും മുടങ്ങി. പദ്ധതിപ്രകാരം മാസത്തിൽ രണ്ടുതവണയാണ്‌ ക്ലിനിക്കുകളിൽ പരിശോധന. 65 വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യ സംരക്ഷണത്തിനായി സാമൂഹ്യസുരക്ഷ മിഷൻ വഴി ജില്ലയിലെ നഗരസഭകളിലാണ്‌ പദ്ധതി നടപ്പിലാക്കിയത്. ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയവയ്‌ക്ക്‌ മരുന്നുകൾ സൗജന്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home