ad
Deshabhimani

വയലാർ കവല – കടവ് റോഡിന്‌ 
94.18 കോടിയുടെ ഭരണാനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jan 29, 2026, 12:24 AM | 1 min read

ചേർത്തല

ദേശീയപാതയിലെ വയലാർ കവല –- വയലാർ കടവ് റോഡ് വീതികൂട്ടി പുനർനിർമിക്കാനും വേമ്പനാട്‌ കായലിന് കുറുകെ ഇൻഫോപാർക്കിലേക്ക് പാലം പണിയാനും 94.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന്‌ മന്ത്രി പി പ്രസാദ് അറിയിച്ചു. കിഫ്ബി മുന്പ്‌ ഒഴിവാക്കിയ പദ്ധതിക്കാണ് മന്ത്രിയുടെ ഇടപെടലിൽ അനുമതിയായത്. ​പദ്ധതിയുടെ പ്രാധാന്യം മുഖ്യമന്ത്രിയെ സന്ദർശിച്ച് ബോധ്യപ്പെടുത്തിയതോടെയാണ് കിഫ്ബി സാമ്പത്തികാനുമതി നൽകിയത്. ദേശീയപാതയിലെ വയലാർ കവലമുതൽ വയലാർ കടവുവരെ 10.5 മീറ്റർ വീതിയിലാണ് റോഡ് വികസനം. നടപ്പാതയും കാനയും ഉൾപ്പെടെ ബിഎംബിസി നിലവാരത്തിലാണ് നിർമാണം. സ്ഥലം ഏറ്റെടുക്കലിന്‌ ഉൾപ്പെടെയാണ് അനുമതി. ​പദ്ധതിയുടെ സാമൂഹ്യാഘാതപഠനം ഉടൻ തുടങ്ങും. പാതയിലെ പ്രധാന തടസമായ ചാത്തൻചിറ പാലം വീതികൂട്ടി പുനർനിർമിക്കും. വയലാറിൽനിന്ന്‌ പാലം നിർമിക്കുന്നതോടെ ഇൻഫോപാർക്ക്, ഫുഡ്പാർക്ക് എന്നിവയ്‌ക്ക്‌ ദേശീയപാതയുമായി നേരിട്ട് ബന്ധമാകും. പള്ളിപ്പുറം വ്യവസായ മേഖലയ്‌ക്കും ഇൻഫോപാർക്കിനും വികസനക്കുതിപ്പേകും. ​ചേർത്തല മുട്ടം ബസാർ – എട്ടുപുരയ്‌ക്കൽ റോഡ് വികസനം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ പുതുതായി അനുവദിച്ച പദ്ധതികൂടി വരുന്നതോടെ വയലാറിന് മികച്ച റോഡ് സമ്പർക്കം ഉറപ്പാകും. വയലാറിന്റെ അടിസ്ഥാനസൗകര്യ–ടൂറിസം മേഖലകളിൽ പദ്ധതി നേട്ടമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home