ഉത്രട്ടാതി വള്ളംകളി നാളെ
ചെന്നിത്തല പള്ളിയോടത്തിന്റെ ആറന്മുളയാത്ര ഇന്ന്

ചെന്നിത്തല പള്ളിയോടം
മാന്നാർ
വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ 131–-ാം ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാനായി ചെന്നിത്തല പള്ളിയോടം തിങ്കളാഴ-്‌ച യാത്രതിരിക്കും. ചെന്നിത്തല 93–-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പള്ളിയോടം രാവിലെ അച്ചൻകോവിലാറിലെ വലിയപെരുമ്പുഴ കടവിൽനിന്ന് പുറപ്പെടും.
നിറപറ, അവിൽ പൊതി, മുത്തുക്കുട, നയമ്പ്, താംബൂലാദി വഴിപാടുകളും സ്വീകരിക്കും. ഏഴിന് പളളിയോടത്തിൽ കർപ്പൂരാരാധന, എട്ടിന് തുഴക്കാർ പള്ളിയോടത്തിൽ കയറി അച്ചൻകോവിലാറിൽ പ്രദക്ഷിണംചെയ്‌ത് തിരികെ വലിയപെരുമ്പുഴ കടവിലെത്തും. 9.30ന് മൂന്നാമത്തെ വെടിമുഴക്കത്തിൽ യാത്ര പുറപ്പെടും, യാത്രാമധ്യേ വിവിധയിടങ്ങളിൽ വഴിപാടുകൾ സ്വീകരിച്ചശേഷം പാണ്ടനാട് നാക്കടയിൽ വിശ്രമം.
അച്ചൻകോവിലാറ്, കുട്ടമ്പേരൂരാറ്, പമ്പാനദി എന്നിവ താണ്ടി ഉതൃട്ടാതി ദിനമായ ഒമ്പതിന് പകൽ 11ന് ആറന്മുളയിലെത്തി അവിൽ, കദളിക്കുല, തുളസിമാല, താംബൂലം, ധനക്കിഴി എന്നീ വഴിപാടുകൾ സമർപ്പിക്കും, വള്ളസദ്യക്കുശേഷം ആറന്മുള ഉത്രട്ടാതി ജലഘോഷയാത്രയിലും മത്സരവള്ളംകളിയിലും പങ്കെടുക്കും.
ചടങ്ങുകൾക്കുശേഷം 21ന് പുലർച്ചെ ചെന്നിത്തല വലിയപെരുമ്പുഴക്കടവിൽ തിരിച്ചെത്തുമെന്ന് കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ, സെക്രട്ടറി കെ ഗോപാലകൃഷ-്‌ണപിള്ള, പളളിയോട പ്രതിനിധികളായ സന്തോഷ് ചാലയിൽ, രാഖേഷ് രവീന്ദ്രൻ, ക്യാപ്റ്റൻ ജെ ജയകേഷ് എന്നിവർ അറിയിച്ചു.








0 comments