അനാസ്ഥക്കെതിരെ കൗൺസിലർമാരുടെ സമരം
കുടിവെള്ളക്കുഴൽ പൊട്ടി മലിനജലം കയറിയിട്ട് രണ്ട് മാസം

ആലപ്പുഴ
നഗരത്തിൽ കൂടിവെള്ള വിതരണ പൈപ്പ് പൊട്ടി മലിനജലം കയറാൻ തുടങ്ങി രണ്ടു മാസമായിട്ടും പരിഹാരം കാണാത്തതിനെതിരെ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. ഇ എം എസ് സ്റ്റേഡിയത്തിന് മുന്നിൽ ഷഡാമണി തോടിനോട് ചേർന്ന ഭാഗത്താണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. രണ്ട് മാസമായി പമ്പിങ് സമയത്ത് ഇതിലൂടെ വെള്ളം പാഴാകുകയും പമ്പിങ് ഇല്ലാത്തപ്പോൾ ഷഡാമണി തോട്ടിലെ മലിനജലം പൈപ്പിൽ കയറുകയുമാണ്. ഈ മലിനജലമാണ് വാട്ടർ അതോറിറ്റി രണ്ടു മാസമായി വിതരണംചെയ്യുന്നത്. ഇതിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട നഗരസഭാകൗൺസിലർമാരോട് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞത്, ഇത് വഴിയുള്ള റോഡ് ഒരു മീറ്റർ പൊളിച്ചാൽ മാത്രമെ പ്രശ്‌നം പരിഹരിക്കാൻ സാധിക്കൂ എന്നാണ്. എന്നാൽ ജനം മലിനജലം കുടിച്ച് ചത്താലും വേണ്ടില്ല താൻ മന്ത്രിയായിരുന്ന സമയത്ത് സ്ഥാപിച്ച റോഡ് പൊളിക്കാൻ പറ്റില്ല എന്ന നിലപാടിലാണ് എംഎൽഎ ജി സുധാകരനെന്ന് കൗൺസിലർമാർ പറഞ്ഞു. വിഷയത്തിൽ അടിയന്തര പരിഹാരം വേണം. സമരം നഗരസഭ എൽഡിഎഫ് പാർലിമെന്ററി പാർടി നേതാവ് വി ജി വിഷ്‌ണു ഉദ്ഘാടനംചെയ്തു. എം ജി സതീദേവി അധ്യക്ഷയായി. കൗൺസിലർമാരായ സൗമ്യ രാജ്, കെ കെ ജയമ്മ, രശ്‌മിസനൽ, എസ് ഫൈസൽ, ബിന്ദു തോമസ്, എൽ മായ, എ എസ് കവിത, ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.










0 comments