ഏകോപനമില്ലാതെ തെരച്ചിൽ
കടലാഴങ്ങളിലിന്നും 2 ജീവൻ

ആലപ്പുഴ
മൂന്ന് മാസത്തിനിടെ ജില്ലയുടെ കടലാഴങ്ങളിൽ മറഞ്ഞത് രണ്ട് ജീവൻ. കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെയും 16 കാരനെയും മാസം പിന്നിട്ടിട്ടും കണ്ടെത്താൻ സാധിക്കാത്തതിന്റെ നിരാശയിലും രോഷത്തിലുമാണ് തീരദേശം. മീൻപിടിത്തത്തിനിടെ ജൂലൈ 23ന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16–ാംവാർഡിൽ കാട്ടൂർ കോളേജ് ജങ്ഷന് സമീപം തയ്യിൽ പുഷ്‌പനെയും (65), ജൂൺ 19നാണ് പുറക്കാട് പഞ്ചായത്ത് 19-–ാം വാർഡ് നടുവിലെ മഠത്തിൽപറമ്പിൽ സൂര്യദേവിനെ(16)യും കാണാതായി. ഇരുവർക്കുമായി തെരച്ചിൽ ഫലപ്രദമായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സങ്കടക്കടലിലാണ് കുടുംബങ്ങൾ. രക്ഷാപ്രവർത്തനത്തിലെ ഏകോപനമില്ലാത്തതിനാൽ നേവിയുടെയും കോസ്‌റ്റ് ഗാർഡിന്റെയും സഹായം പൂർണമായി ലഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. എങ്ങുമെത്താതെ തെരച്ചിൽ അവസാനിപ്പിച്ചു. ആദ്യദിവസങ്ങളിൽ ഉദ്യോഗസ്ഥരും എത്തിയെങ്കിലും പിന്നീട് അവരും കൈയൊഴിഞ്ഞു. രാവിലെ 7.30ഓടെ ക്രിസ്‌തുരാജ പള്ളിക്ക് പടിഞ്ഞാറാണ് ചരിവത്തിൽ വലവച്ച് തീരത്തോട്ചേർന്ന് നീന്തി മീൻ പിടിക്കുന്നതിനിടെയാണ് പുഷ്‌പനെ കാണാതായത്. കോസ്‌റ്റൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഒരുദിവസം നേവി ഹെലികോപ്‌ടറിന്റെ സേവനവും ലഭിച്ചു. നേവിയുടെയോ കോസ്‌റ്റ് ഗാർഡിന്റെയോ ബോട്ടുകൾ തെരച്ചിലിനിറങ്ങിയില്ല. കരൂർ പടിഞ്ഞാറ് കടൽത്തീരത്ത് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സൂര്യനെ കാണാതായത്. പ്ലസ്‌വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു. മുത്തച്ഛന്റെ സഞ്ചയന ചടങ്ങുകൾക്കുശേഷം കൂട്ടുകാരായ മൂന്നുപേർക്കൊപ്പം സൂര്യൻ കടലിലിറങ്ങുകയായിരുന്നു. സൂര്യനായുള്ള തെരച്ചിലും കാര്യക്ഷമമായില്ലെന്ന് നാട്ടുകാർ പറയുന്നു. നേവിയുടെയും കോസ്‌റ്റ് ഗാർഡിന്റെ സേവനം ആദ്യദിവസങ്ങളിൽ ലഭിച്ചെങ്കിലും പതിയെ നിലച്ചു. പ്രളയക്കെടുതിയിൽനിന്ന് കേരളത്തെ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കടക്കമാണ് ഇൗ ദുർഗതി. സർക്കാർ അവഗണനയ്‌ക്കെതിരെ പ്രതിഷേധത്തിനെരുങ്ങുകയാണ് മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും.










0 comments