print edition എന്‍ജിനിയറിങ് പ്രവേശനം; കേന്ദ്രീകൃത സ്പോട്ട് അലോട്ട്മെന്റും വെട്ടി സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളെ സഹായിക്കാന്‍ അലോട്ട്മെന്റ് വെട്ടിച്ചുരുക്കലിനുപുറമെ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനും നിര്‍ത്തലാക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്. സർക്കാർ ഫീസിൽ എന്‍ജിനിയറിങ് പഠനം നടത്താനുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അവസരമാണ് ഇതുവഴി നഷ്ടപ്പെടുക. മുന്‍വര്‍ഷങ്ങളില്‍ സർക്കാർ എന്‍ജിനിയറിങ് കോളേജുകളിൽ എൻട്രൻസ് കമീഷണറുടെ അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റിലേക്ക് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷനാണ് നടത്തിയിരുന്നത്.
അതത് സര്‍ക്കാര്‍ കോളേജുകള്‍ പ്രത്യേക സ്പോട്ട് അഡ്മിഷന്‍ നടത്തിയാല്‍, ഒന്നിലധികം കോളേജുകളില്‍ ഒരേ ദിവസം അഡ്മിഷന്‍ നടക്കുന്ന സാഹചര്യമുണ്ടാകും. ഇത് വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തും. മാത്രമല്ല, സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റൊഴിഞ്ഞ് കിടക്കുന്ന സ്ഥിതിയുണ്ടാകും. ഇതൊഴിവാക്കി പരമാവധി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ കോളേജുകളില്‍ പഠനാവസരം ഉറപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രീകൃത സ്പോട്ട് അലോട്ട്മെന്റ് നടപ്പാക്കിയത്. ഇതുവഴി സര്‍ക്കാര്‍ കോളേജുകളിലെ മുഴുവൻ സീറ്റുകളിലും വിദ്യാർഥികൾ പ്രവേശനവും നേടി. എന്നാൽ, ഇത്തവണ സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തേണ്ട എന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ വർഷം എൻട്രൻസ് കമീഷണർ നാല് അലോട്ട്മെന്റുകൾ നടത്തിയതിനുശേഷമാണ് സാങ്കേതികവിദ്യാഭ്യാസവകുപ്പ് സർക്കാർ എന്‍ജിനിയറിങ് കോളേജുകളിലേക്ക് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തിയത്. എന്നാൽ, ഈ വർഷം മൂന്ന് അലോട്ട്മെന്റുകൾ മാത്രമേ നടത്തിയിട്ടുള്ളു. നാലാമത്തെ അലോട്ട്മെന്റില്‍ സ്വാശ്രയ കോളേജുകളിൽനിന്ന് സർക്കാർ/സർക്കാർ എയിഡഡ് എന്‍ജിനിയറിങ് കോളേജുകളിലേക്ക് മാറി പ്രവേശിക്കാനുള്ള അവസരവും യുഡിഎഫ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനുപുറമെയാണ് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷനും നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. വിദ്യാര്‍ഥികളെ സ്വകാര്യ കോളേജുകളിലേക്ക് പഠിക്കാന്‍ തള്ളിവിട്ട് സ്വകാര്യ സ്വാശ്രയ കോളേജുകളെ സഹായിക്കാനുള്ള വഴിവിട്ട നീക്കമാണിതിന്റെ പിന്നില്‍. സർക്കാർ കോളേജുകളിൽ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് വരുത്തിത്തീര്‍ത്ത് കോഴ്സുകൾ വെട്ടിക്കുറയ്ക്കാനും നീക്കം സഹായിക്കും.










0 comments