പ്രവേശനോത്സവത്തിന് നിറമേകാനെത്തിയത് ഇരുപത് ഇരട്ടക്കുട്ടികൾ
നമുക്ക് നാം തന്നെയല്ലേ, കൂടെപ്പിറന്നവരല്ലേ'

കാർത്തികപ്പള്ളി
തിയറ്ററുകളിൽ നിറഞ്ഞോടിയ വാഴ–2 ചിത്രത്തിലെ ഹിറ്റ് ഗാനമാണ് "നമുക്കു നാം തന്നെയല്ലേ, കൂടെപ്പിറന്നവരല്ലേ'. റീലുകളുടെ കാലത്ത് സാഹോദര്യ സ്‌നേഹം പറയാൻ പ്രേക്ഷകരൊന്നാകെ സമൂഹമാധ്യമങ്ങളിലുൾപ്പടെ ഗാനം ഏറ്റെടുക്കുകയുംചെയ്തു. സിനിമയെ വെല്ലുന്ന സീനാണ് ഇക്കുറി നങ്ങ്യാർകുളങ്ങര എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ പ്രവേശനോത്സവത്തിലുണ്ടായത്. 20 ഇരട്ടക്കുട്ടികൾ സ്‌കൂളിലെത്തിയത് നാടിനാകെ കൗതുകകാഴ്ചയായി. എൽകെജി മുതൽ പന്ത്രണ്ട് വരെയുള്ള വിവിധ ക്ലാസുകളിലായാണ് ഇരട്ടകൾ എത്തിയിട്ടുള്ളത്. പലരെയും പരസ്പരം തിരിച്ചറിയാനാകാത്തത്ര സാദൃശ്യമുണ്ട്. ആഘോഷങ്ങൾക്കിടയിൽ 40പേരെയും ഒന്നിച്ചു നിർത്തി പടവുമെടുത്തു സ്‌കൂൾ അധികൃതർ. കഴിഞ്ഞ വർഷം 15 ഇരട്ടക്കുട്ടികളാണുണ്ടായിരുന്നതെന്നും ഇത്തവണ വർധനവുണ്ടായതിൽ സന്തോഷമെന്നും നിറചിരിയോടെ അധ്യാപകർ പറഞ്ഞു. പ്രവേശനോത്സവം എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം കെ അശോകപ്പണിക്കർ ഉദ്ഘാടനംചെയ്തു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായി. ആർഡിസി കൺവീനർ എസ് സലികുമാർ, പ്രിൻസിപ്പൽ അമ്പിളി തുടങ്ങിയവർ സംസാരിച്ചു.









0 comments