അറ്റകുറ്റപ്പണി സമയക്രമം മാറ്റി
ട്രെയിനുകൾ വൈകുന്നു


സ്വന്തം ലേഖകൻ
Published on Sep 12, 2026, 02:27 AM | 1 min read
ആലപ്പുഴ
വ്യത്യസ്‌ത സമയക്രമത്തിലുള്ള റെയിൽവേയുടെ അറ്റകുറ്റപ്പണി കാരണം ട്രെയിനുകൾ ഒന്നര മണിക്കൂറോളം വൈകുന്നു. തൃശൂരിൽ പുതുക്കാട്, ഒല്ലൂർ ഭാഗത്ത് നടക്കുന്ന ജോലികളാണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത്. യാത്രക്കാർക്ക് ഇത് നരകയാതനയാണ് സമ്മാനിക്കുന്നത്. ആലപ്പുഴയിൽനിന്നുള്ള ധൻബാദ്, ഏറനാട് എക്‌സ്‌പ്രസ് ട്രെയിനുകൾ ആലുവവരെ കൃത്യസമയത്തിന് ഓടും. ഇതിനുശേഷമാണ് പല സ്‌റ്റേഷനുകളിലുമായി പിടിച്ചിടൽ. കോട്ടയം–നിലന്പൂർ എക്‌സ്‌പ്രസ് ആണ് ആദ്യം ഇങ്ങനെ പിടിച്ചിടുക. ഇതിന് പിന്നാലെ ടാറ്റാ നഗർ, ധൻബാദ്, ഏറനാട്, പാലരുവി എക്‌സ്‌പ്രസുകൾ പിടിക്കും. ഒരാഴ്‌ചയോളമായി ഇത് തുടങ്ങിയിട്ട്. ഇതേക്കുറിച്ച് റെയിൽവേ അധികൃതരോട് അന്വേഷിച്ചപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിയുണ്ട് എത്രനേരം പിടിച്ചിടുമെന്ന് പറയാനാകില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് യാത്രക്കാർ പറയുന്നു. ഒക്‌ടോബർ ഒന്പതുവരെ ജോലികൾ നീളുമെന്നാണ് അറിയുന്നത്. നേരത്തെ, തിരുവനന്തപുരം–മംഗലാപുരം എക്‌സ്‌പ്രസ് പോയശേഷം പുലർച്ചെ മൂന്നോടെയാണ് റെയിൽവേ ജോലികൾ ക്രമീകരിച്ചിരുന്നത്. ഇൗ സമയക്രമത്തിൽ മാറ്റം വരുത്തിയതാണ് പ്രശ്‌നത്തിന് കാരണം. ആലപ്പുഴയിൽ മെമു സർവീസ് ഇടയ്‌ക്കിടെ വൈകുന്നതും പ്രശ്‌നം സൃഷ്‌ടിക്കുന്നുണ്ട്. വ്യാഴം രാവിലെ 7.50നുള്ള എറണാകുളം–ആലപ്പുഴ മെമു 40 മിനിട്ട് വൈകിയിരുന്നു.










0 comments