ക്രോസിങ് ക്രമീകരിക്കുന്നില്ല
ട്രെയിൻ വൈകൽ തുടർക്കഥ

Alappuzha Train

സ്വന്തം ലേഖകൻ
Published on Jun 28, 2026, 01:54 AM | 1 min read
ആലപ്പുഴ
ട്രെയിനുകൾ വൈകിയോടുന്നതിനെപ്പറ്റി നിരന്തരം പരാതികൾ ലഭിച്ചിട്ടും നടപടി സ്വീകരിക്കാതെ റെയിൽവേ. രാവിലെ ആലപ്പുഴയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരാണ് നരകയാതനയേറെയും അനുഭവിക്കുന്നത്. കൃത്യമായി ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനാവാതെ ഉദ്യോഗസ്ഥരും വിദ്യാർഥികളുമടക്കം ബുദ്ധിമുട്ടുകയാണ്. അശാസ്‌ത്രീയമായ ക്രോസിങ് നൽകുന്നതാണ് ട്രെയിനുകൾ വൈകാൻ കാരണമെന്ന് ട്രെയിനിലെ സ്ഥിരം യാത്രക്കാർ പറയുന്നു. രാവിലെ ആറിന് ആലപ്പുഴയിൽനിന്ന് പോകുന്ന ധൻബാദ് എക്‌സ്‌പ്രസ് 13 കിലോമീറ്റർ മാത്രം അടുത്ത് മാരാരിക്കുളം സ്‌റ്റേഷനിൽ സ്ഥിരമായി അരമണിക്കൂറോളം പിടിച്ചിടുന്നുണ്ട്. ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് കടന്നുപോയ ശേഷമേ ട്രെയിൻ വിടൂ. ഇത് താമസിക്കുന്നതിനാൽ പിന്നാലെയുള്ള ഏറനാട് എക്‌സ്‌പ്രസിൽ കയറേണ്ട യാത്രക്കാരും ധൻബാദിൽ കയറും. അതിനാൽ ട്രെയിനിൽ തിരക്കേറെയാണ്. അരമണിക്കൂറിലേറെ വൈകി 8.15 നാണ് എറണാകുളം നോർത്ത് സ്‌റ്റേഷനിൽ ട്രെയിൻ എത്തുക. ഇവിടെയും ക്രോസിങ് പ്രശ്‌നം അവസാനിക്കില്ല. വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോയ ശേഷമേ വിടൂ. തൃശൂരിൽ ഒന്പതിന് എത്തേണ്ട ട്രെയിൻ 9.45 നാണ് എത്തുക. ഇത് തൊട്ടുപിന്നാലെ വരുന്ന പാലരുവി എക്‌സ്‌പ്രസിനെയും ബാധിക്കും. 10 ന് എത്തേണ്ട ട്രെയിൻ 15 മിനിറ്റ് വൈകും. പാലരുവി വൈകുന്നതോടെ എറണാകുളത്തുനിന്ന് എത്തുന്ന ഇന്റർസിറ്റി എക്‌സ്‌പ്രസും വൈകും. രാവിലെ 7.25 ന് ആലപ്പുഴയിൽനിന്നുള്ള എറണാകുളം പാസഞ്ചർ, 9.20ന് ആലപ്പുഴയിലെത്തുന്ന കായംകുളം–എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകളെയും ക്രോസിങ് ബാധിക്കുന്നുണ്ട്. ആലപ്പുഴ–എറണാകുളം പാസഞ്ചർ രാവിലെ ഒന്പതിനും കായംകുളം–എറണാകുളം പാസഞ്ചർ 11.30നുമാണ് എറണാകുളത്ത് എത്തേണ്ടത്. ഇവ മിക്കപ്പോഴും അരമണിക്കൂറോളം വൈകുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു.











0 comments