കച്ചവടവും പൊടിപൊടിച്ച് കരുതൽ കൃഷിക്കൂട്ടം

കരുതൽ കൂട്ടായ്‌മ അംഗങ്ങൾക്ക് ഓണപ്പുടവയും ലാഭവിഹിതവും വയലിനിസ്റ്റ് ഡോ. ബിജു മല്ലാരിയും കെ കെ കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്‌ണനും ചേർന്ന് വിതരണംചെയ്യുന്നു
കഞ്ഞിക്കുഴി
കൃഷിചെയ്യാൻ ശാരീരിക പരിമിതികൾ തടസമല്ലെന്ന് തെളിയിച്ച കഞ്ഞിക്കുഴിയിലെ കരുതൽ ഭിന്നശേഷി കാർഷിക കൂട്ടായ്‌മ ഓണവിപണിയിലും സജീവം. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാംവാർഡിൽ പാട്ടത്തിനെടുത്ത 80 സെന്റ് സ്ഥലത്താണ് വെറൈറ്റി ഫാർമർ സുജിത്തിന്റെ സഹായത്തോടെ പച്ചക്കറികളും പൂക്കളും കൃഷിചെയ്‌തത്. ഓണത്തിനുമുന്നേ പാകമായ പച്ചക്കറികൾ തോട്ടത്തിലും റോഡുവക്കിലും വിൽപ്പന തുടങ്ങിയിരുന്നു. പതിനൊന്നാംമൈൽ- മുട്ടത്തിപറമ്പ് റോഡിൽ ചെറുവാരണം സഹകരണബാങ്കിന് മുന്നിലാണ് വിൽപ്പന.
എട്ടുപേരടങ്ങിയ ഗ്രൂപ്പിലെ അഞ്ചുപേരാണ് കൃഷിയിൽ സജീവം. സിജിമോളാണ് കൃഷിക്കൂട്ടത്തിന്റെ കൺവീനർ. വീൽച്ചെയറിൽ സഞ്ചരിക്കുന്ന ആശ, മുച്ചക്രവാഹനമുപയോഗിക്കുന്ന ജറോം, കാലിന് സ്വാധീനമില്ലാത്ത ബിജു, രാജേഷ് എന്നിവർ ചേർന്നാണ് കൃഷിചെയ്‌തതും വിളവെടുത്തതും. ചെറുവാരണം സഹകരണബാങ്കിൽനിന്ന് ഒരുലക്ഷം രൂപ വായ്‌പയെടുത്താണ് രണ്ടുവർഷം മുമ്പ് കൃഷിയിൽ ഇവർ തുടക്കം കുറിച്ചത്. വായ്‌പ കൃത്യമായി തിരിച്ചടച്ചശേഷം ലഭിച്ച ലാഭത്തിൽനിന്നാണ് വീണ്ടും കൃഷിയിറക്കിയത്. കിട്ടിയ ലാഭം ഉപയോഗിച്ച് വിനോദയാത്രകളും കൂട്ടായ്‌മ സംഘടിപ്പിരുന്നു.
ഓണത്തലേന്ന് അംഗങ്ങൾക്ക് ഓണപ്പുടവയും ലാഭവിഹിതവും വയലിനിസ്റ്റ് ഡോ. ബിജു മല്ലാരിയും കെ കെ കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്‌ണനും ചേർന്ന് വിതരണംചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, കർമസേന കൺവീനർ ജി ഉദയപ്പൻ, അസി. കൃഷി ഓഫീസർ എസ് ഡി അനില, വെറൈറ്റി ഫാർമർ എസ് പി സുജിത്ത് എന്നിവർ പങ്കെടുത്തു. അസാധ്യമായി ഒന്നുമില്ലന്ന് തെളിയിക്കുകയാണ് കരുതൽ കൃഷിക്കൂട്ടം.









0 comments