ad
Deshabhimani

കാറ്റിലും കോളിലും പെട്ട് ശിക്കാര വള്ളം

3 മണിക്കൂർ കായലിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു

വേമ്പനാട്ട് കായലിൽ കുടുങ്ങിയവരെ രക്ഷിക്കുന്നു
വെബ് ഡെസ്ക്

Published on Aug 19, 2026, 12:50 AM | 1 min read

മുഹമ്മ

വേമ്പനാട്ട് കായലിൽ വിനോദ സഞ്ചാരികളുമായി പോയ ശിക്കാര വള്ളം കാറ്റിലും കോളിലും പെട്ട് ആടിയുലഞ്ഞപ്പോൾ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷകരായി. ഹൈദരാബാദിൽ നിന്നുള്ള കുടുംബത്തിലെ മൂന്നുപേരുമായി കുമരകത്തുനിന്ന് പുറപ്പെട്ട ശിക്കാരവള്ളമാണ് അപകടത്തിൽപ്പെട്ടത്. മൂന്നുമണിക്കൂറോളമാണ്‌ ഇവർ കായലിൽ പോളയിലും മോതയിലുംപെട്ട് കുടുങ്ങിയത്. ​ചൊവ്വ വൈകിട്ട് 5.15ന് കുമരകത്തുനിന്ന് യാത്രക്കാരുമായി മുഹമ്മയിലേക്ക് പുറപ്പെട്ട എസ് 54 നമ്പർ യാത്രാബോട്ടാണ് ഇവർക്ക് രക്ഷയായത്. പാതിരാമണൽ ദ്വീപിന് തെക്ക് ഭാഗത്തായിരുന്നു സംഭവം. അച്ഛനും അമ്മയും മകനും ഉൾപ്പെട്ട കുടുംബവും ഡ്രൈവറുമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർ തിരിച്ച്‌ കുമരകത്തേക്ക് പോകുമ്പോൾ ശക്തമായ കാറ്റിലും കോളിലും മോതയിലും അകപ്പെട്ട് വള്ളം ആടിയുലയുകയായിരുന്നു. വള്ളത്തിലെ ഡ്രൈവർ തുണി വീശി അപകട സൂചന നൽകിയതോടെ ജീവനക്കാർ യാത്രാബോട്ട് ഇവരുടെ അടുത്തേക്ക് എത്തിച്ചു. കയർ ഉപയോഗിച്ച് വള്ളം നിയന്ത്രണത്തിലാക്കിയ ജീവനക്കാർ സഞ്ചാരികളായ മൂന്നുപേരെയും ബോട്ടിലേക്ക് കയറ്റി മുഹമ്മ ജെട്ടിയിലെത്തിച്ചു. ഇവിടെനിന്ന് കുമരകത്തേക്കുള്ള മറ്റ് യാത്രക്കാരെ കയറ്റി യാത്ര തുടർന്നു. മൂന്ന് സഞ്ചാരികളെയും കുമരകം ബോട്ട് ജെട്ടിയിലെത്തിച്ചു. ഡ്രൈവർ പിന്നീട് വള്ളവുമായി കുമരകം ഭാഗത്ത്‌ സുരക്ഷിതമായെത്തി. ബോട്ട് മാസ്റ്റർ ബേബിലാൽ, സ്രാങ്ക് റഫീഖ്, ഡ്രൈവർ നിഷാദ് ബാബു, ലാസ്കർമാരായ സന്ദീപ്, ഷാജഹാൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home