ad
Deshabhimani

ഇന്ന്‌ കർഷകദിനം

കണ്ണീർപ്പാടം തോരാതെ...

നെടുമുടി പൊങ്ങ പൂപ്പള്ളി പാടത്തുനിന്ന് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ ലോറിയിലേക്ക് 
കയറ്റുന്ന  തൊഴിലാളികൾ  മഴക്കാറിന്റെ പശ്ചാത്തലത്തിൽ.

നെടുമുടി പൊങ്ങ പൂപ്പള്ളി പാടത്തുനിന്ന് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ ലോറിയിലേക്ക് 
കയറ്റുന്ന തൊഴിലാളികൾ മഴക്കാറിന്റെ പശ്ചാത്തലത്തിൽ.

avatar
ഗോകുൽ ഗോപി

Published on Aug 17, 2026, 01:08 AM | 1 min read

ആലപ്പുഴ

ചിങ്ങം ഒന്ന് കർഷകദിനമായി ആചരിക്കുമ്പോഴും ജില്ലയിലെ കർഷകജീവിതത്തിൽ പ്രതീക്ഷയേക്കാൾ ആശങ്കകളാണ്‌. ഉൽപ്പാദനച്ചെലവ് കുതിച്ചുയരുകയും വിളകൾക്ക് അർഹമായ വില ലഭിക്കാതിരിക്കുകയും സംഭരണത്തിലും വിപണനത്തിലും പ്രതിസന്ധി തുടരുകയും ചെയ്യുന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് വലിയൊരു വിഭാഗം കർഷകർ. കാലാവസ്ഥാവ്യതിയാനവും തീരശോഷണവും ജില്ലയിലെ നെൽകൃഷിയുടെ ഉൽപ്പാദനക്ഷമത കുറച്ചു. നേരത്തേ ഹെക്‌ടറിന്‌ ശരാശരി അഞ്ചുടൺ നെല്ല്‌ ലഭിച്ച പാടങ്ങളിൽ നിലവിൽ മൂന്ന്‌ ടണ്ണായി ചുരുങ്ങി. അരിമണിയുടെ തൂക്കവും അഞ്ചുശതമാനംവരെ കുറഞ്ഞു.

തിരപ്രളയം

രാത്രി താപനില വ്യത്യാസമാണ്‌ വിളവിനെ ഏറെ ബാധിക്കുന്നത്‌. ചൂട്‌ വർധിക്കുന്നതിന്‌ ആനുപാതികമായി ജലത്തിന്റെയും മൂലകങ്ങളുടെയും സംവഹനശേഷിയും കുറയും. പ്രകാശസംശ്ലേഷണശേഷിയും കുറഞ്ഞു. പുതിയ നെൽവിത്തുകൾക്ക്‌ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനാകുന്നില്ല. ജലസ്രോതസുകളിൽ ലവണാംശം വർധിച്ചതും വേനൽക്കാലകൃഷിയെ ബാധിച്ചു. പാടങ്ങളിൽ അലുമിനിയത്തിന്റെ അളവ്‌ 300 ശതമാനംവരെ അധികമായി. നെല്ലിന് ഏറ്റവും അത്യാവശ്യമായ ‘സിലിക്കൺ' കുറഞ്ഞു. തീരശോഷണം കാരണമുണ്ടാകുന്ന തിരപ്രളയം (ടൈഡൽ ഫ്ലഡ്‌) പാടങ്ങളിൽ ഉപ്പുവെള്ളത്തിന്റെ വരവ്‌ വർധിപ്പിതും പുഞ്ചകൃഷിയെ ബാധിച്ചതായി കൃഷി അധികൃതർ പറയുന്നു. വിത്ത്, വളം, കീടനാശിനി, കൂലി, യന്ത്രസാമഗ്രികൾ, ജലസേചനം തുടങ്ങി കൃഷിയുടെ എല്ലാഘട്ടത്തിലും ചെലവ് വർധിച്ചു.

വിലയില്ല, 
വിപണിയുമില്ല

കർഷകന് വിപണി ഉറപ്പാക്കുന്നതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരാജയപ്പെടുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. നെല്ല് ഉൾപ്പെടെ വിളകളുടെ സംഭരണ നടപടിക്രമങ്ങളിലെ കാലതാമസവും പണം ലഭിക്കുന്നത്‌ വൈകുന്നതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു. 
 ജില്ലയിൽ 30 കോടിയോളം രൂപയാണ്‌ കുടിശ്ശിക. സംഭരണവില കിലോയ്‌ക്ക്‌ 35 രൂപയായി ഉയര്‍ത്തുമെന്ന യുഡിഎഫ്‌ വാഗ്‌ദാനം അധികാരത്തിലെത്തിയതോടെ അവഗണിച്ചു. കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം ലഭ്യമാക്കാൻ എൽഡിഎഫ്‌ പ്രഖ്യാപിച്ച റിവോള്‍വിങ് ഫണ്ടും സഹകരണബാങ്കുകൾ മുഖാന്തരം സംഭരണവില നൽകുന്നതും യുഡിഎഫ്‌ സർക്കാർ പിൻവലിച്ചു. നെൽകർഷകർക്ക്‌ നൽകിയിരുന്ന പ്രോത്സാഹന ബോണസ്‌ അവസനിപ്പിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവ്‌ എൽഡിഎ-ഫ്‌ സർക്കാർ കേരളത്തിൽ നടപ്പാക്കിയില്ല. എന്നാൽ സംഘപരിവാർ വിധേയത്വമുള്ള യുഡിഎ-ഫ്‌ സർക്കാർ ഉത്തരവ്‌ നടപ്പാക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്‌. നെൽവയൽ തരിശിടാതിരിക്കാൻ രണ്ടാം പിണറായി സർക്കാർ ഏർപ്പെടുത്തിയ, നെൽകർഷകർക്കുള്ള റോയൽറ്റി നിർത്തലാക്കനാണ്‌ നീക്കം. ഇതിന്റെ ആദ്യപടിയായി കൃഷിവകുപ്പിന്റെ പോർട്ടലിൽനിന്ന്‌ റോയൽറ്റിക്ക്‌ അപേക്ഷിക്കാനുള്ള ലിങ്ക്‌ എടുത്തുമാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home