print edition തെരഞ്ഞെടുപ്പിന് കോടികളൊഴുക്കി; തുറന്നുപറഞ്ഞ് ബിജെപി നേതാക്കൾ


വി എസ് വിഷ്‌ണുപ്രസാദ്
Published on Aug 17, 2026, 01:53 AM | 1 min read
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കണക്കിൽപ്പെടാത്ത കോടികളൊഴുക്കിയെന്ന വെളിപ്പെടുത്തലിൽ വെട്ടിലായി ബിജെപി നേതൃത്വം. പൂഞ്ഞാർ സ്ഥാനാർഥിയായിരുന്ന ദേശീയ സമിതിഅംഗം പി സി ജോർജിന്റെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് ബിജെപിക്ക് വിനയായത്. ബിജെപി യോഗത്തിലെ തുറന്നുപറച്ചിൽ നേതൃത്വം ഇടപെട്ട് തിരുത്തിച്ചെങ്കിലും ജോർജ് പറഞ്ഞത് സത്യമെന്ന് ഒരുവിഭാഗം സമ്മതിക്കുന്നു.
പൂഞ്ഞാറിൽ 4.45 കോടിരൂപ ബിജെപി ചെലവാക്കിയെന്നും കണക്കുകണ്ടാൽ പ്രവർത്തകർക്ക് നാണക്കേടാകുമെന്നമുള്ള ജോർജിന്റെ വെളിപ്പെടുത്തൽ ഫണ്ടുവെട്ടിപ്പ് വിവാദത്തെ ആളിക്കത്തിച്ചു. മകൻ ഷോൺ ജോർജ് സംസ്ഥാന വൈസ് പ്രസിഡന്റാണെന്നത് ആരോപണത്തിന് ആക്കംകൂട്ടുന്നു. ‘ഒരു തട്ടിപ്പും നടന്നിട്ടില്ല’ എന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അനുയായികളും ആവർത്തിക്കുന്നതിനിടയിലാണ് ജോർജ് വെടിപൊട്ടിച്ചത്. ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് പരാതിപ്പെട്ടവരിൽ ഒരാൾ ഷോൺ ആണെന്നും ഷോണിന്റെ അറിവോടെയാണ് ജോർജിന്റെ വെളിപ്പെടുത്തലെന്നും സൂചനയുണ്ട്. ഫണ്ട് വെട്ടിപ്പ് നടന്നെന്ന് ആദ്യമായാണ് സ്ഥാനാർഥിതന്നെ പരസ്യമാക്കുന്നത്.
തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണം എത്തിയെന്നും ചിലർ പങ്കിട്ടെടുത്തതിന് സാക്ഷിയായിട്ടുണ്ടെന്നും ഓഫീസ് സെക്രട്ടറിയായിരുന്ന പി അക്ഷയ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിക്കാനാണ് കേന്ദ്രനേതൃത്വം നിർദേശിച്ചത്. വെട്ടിപ്പ് അംഗീകരിച്ചാൽ കണക്കില്ലാതെ പണം എവിടുന്ന്, എങ്ങനെയെത്തി തുടങ്ങിയ ചോദ്യങ്ങളുയരും.
ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനോ സർക്കാരോ നടപടി സ്വീകരിക്കുന്നില്ല. ചട്ടപ്രകാരം 40 ലക്ഷം രൂപമാത്രമേ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാനാകൂ. ഒരു മണ്ഡലത്തിൽ കുറഞ്ഞത് നാലുകോടിയെങ്കിലും ബിജെപി എത്തിച്ചെന്നാണ് നേതാക്കൾതന്നെ പറയുന്നത്. ഇൗ സാഹചര്യത്തിൽ, ബിജെപി സ്ഥാനാർഥികൾ നൽകിയ വരവുചെലവ് കണക്കുസംബന്ധിച്ച് അന്വേഷണം അനിവാര്യമായിരിക്കുന്നു.









0 comments