വളയൻചിറങ്ങരയിൽ ഓണക്കരോൾ തുടങ്ങി

വളയൻചിറങ്ങരയിൽ ആരംഭിച്ച ഓണക്കരോൾ

സ്വന്തം ലേഖകൻ
Published on Aug 17, 2026, 02:32 AM | 1 min read
പെരുമ്പാവൂർ
വളയൻചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായനശാല, സുവർണ തിയറ്റേഴ്സ്, ഒളിമ്പിക് സ്പോർട്ട്സ് ക്ലബ് എന്നീ സംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഓണക്കരോൾ ആരംഭിച്ചു. 42 വർഷമായി തുടർച്ചയായി സംഘടിപ്പിച്ചു വരുന്നതാണ് ഓണക്കരോൾ. ദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 10 വരെ മാവേലിയും സംഘവും തപ്പുതാളങ്ങളും ഓണപ്പാട്ടുകളുമായി വീടുകൾ കയറിയിറങ്ങും. കുട്ടികളും സ്ത്രീകളും പ്രായമായവരും ഈ സംഘത്തിലുണ്ട്.
ഓരോ ദിവസവും നാടിന്റെ ഓരോ ഭാഗത്ത് സന്ദർശനം നടത്തുന്ന മാവേലിക്കും സംഘത്തിനും പരിപാടി അവസാനിക്കുമ്പോൾ ഏതെങ്കിലും ഒരു വീട്ടിൽ അത്താഴവും ഒരുക്കിയിട്ടുണ്ടാകും. ജാതിമതഭേദമെന്യേ കുറഞ്ഞത് 75 പേരുടെ സംഘമാണ് ആദ്യദിവസങ്ങളിലെങ്കിൽ ഓണാവധി ആരംഭിച്ചാൽ കുട്ടികളും ചേർന്ന് ഇരട്ടിയാകും.
പൂരാടംവരെ എട്ടുദിവസം ഗൃഹസന്ദർശനം കഴിഞ്ഞാൽ ഉത്രാട ദിവസം വർണാഭമായ ഘോഷയാത്രയും ഉണ്ടാകും. പുലികളി, തെയ്യം, തിറ, കരകാട്ടം, ശിങ്കാരിമേളം, കാവടിയാട്ടം, വയലിൻ ഫ്യൂഷൻ, അമ്മൻകുടം, കുടകളി, വിളക്കാട്ടം വിവിധ വേഷങ്ങൾ എന്നിവയുടെ അവതരണങ്ങൾ നടക്കും.










0 comments