ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; ഓണാഘോഷത്തിന് കാതുതുറന്ന് മിഖായേലും മിഹോക്കും

മമ്മൂട്ടി സമ്മാനമായി നൽകിയ ഓണക്കോടി മിഖായേലിനെയും മിഹോക്കിനെയും ധരിപ്പിക്കുന്നു
ആലുവ
ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ മിഖായേലിനും മിഹോക്കിനും ചിങ്ങപ്പിറവിയിൽ പുതിയ ശബ്ദലോകം. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടപ്പാക്കുന്ന ‘കാതോടു കാതോരം’ പദ്ധതിയിലൂടെയാണ് ഇരുവർക്കും സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയത്.
ദിവസവേതനക്കാരനായ സോനുവിന്റെയും ബോബിനയുടെയും മക്കളായ ഇവരുടെ ചികിത്സയ്ക്ക് 25 ലക്ഷത്തോളം രൂപ ചെലവുവരുമായിരുന്നു. പത്രത്തിലൂടെയാണ് കുടുംബം പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിൽ ഇഎൻടി സർജൻ ഡോ. സജിത്ത് അബ്രഹാം, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, എം മാത്യു, അബിൻ ലാസർ, സാറ പോൾ എന്നിവരടങ്ങിയ ആരോഗ്യപ്രവർത്തകരുടെ വിദഗ്ധസംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഇപ്പോൾ ഇരുവരും ഓഡിറ്ററി വെർബൽ തെറാപ്പി പരിശീലനത്തിലാണ്.
മമ്മൂട്ടി സമ്മാനിച്ച റേഡിയോയും കസവുമുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും ഓണസമ്മാനമായി കുട്ടികൾക്ക് ലഭിച്ചു. മക്കളെ കസവുമുണ്ടുടുപ്പിക്കുന്നതിനിടെ ‘മക്കൾക്ക് ലഭിച്ച കേൾവിയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഓണസമ്മാനമെന്ന്’ ബോബിന പറയുന്പോൾ പിന്നണിയിൽ സമ്മാനമായി നൽകിയ റേഡിയോയിൽനിന്ന് ഒഴുകിയെത്തിയ ‘കാതോടുകാതോരം...' പാട്ട് അലയടിച്ചു.










0 comments