പുന്നപ്രയിൽ ഇന്ന് ആയിരങ്ങളുടെ പുഷ്‌പാർച്ചന

പുന്നപ്ര‑-വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വലിയ ചുടുകാട്ടിൽ സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ മുരുകൻ കാട്ടാക്കട കവിത ചൊല്ലുന്നു
അമ്പലപ്പുഴ/ആലപ്പുഴ
സിപി യുടെ പട്ടാളത്തോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീരദേശാഭിമാനികളുടെ ചുടുനിണംവീണ് ചുവന്ന പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ വെള്ളി പകൽ 11 ന് ആയിരങ്ങൾ പുഷ്പാർച്ചന നടത്തും. പുന്നപ്ര തെക്ക്, വടക്ക് ലോക്കൽ സംഘാടക സമിതികളുടെ നേതൃത്വത്തിൽ സാഗര ആശുപത്രിക്ക് സമീപത്ത് സംഘടിച്ച് കുതിരപ്പന്തി റോഡ് വഴിയും പുന്നപ്ര സെന്റർ, പുന്നപ്ര കിഴക്ക് സംഘാടക സമിതികൾ പഴയ നടക്കാവ് റോഡ് വഴി കപ്പക്കടയിലെത്തിയും പുന്നപ്ര ലോക്കൽ സംഘാടക സമിതി തീരദേശ റോഡ് വഴിയുമെത്തിയാണ് രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുക. തുടർന്ന് ചേരുന്ന രക്തസാക്ഷി അനുസ്മരണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ എന്നിവർ സംസാരിക്കും. സി വാമദേവൻ അധ്യക്ഷനാകും. 11. 30 ന് അൻസർ ഷെരീഫും സംഘവും രണഗീതങ്ങൾ അവതരിപ്പിക്കും. വൈകിട്ട് നാലിന് ആലപ്പി രമണന്റെ പ്രേമശിൽപ്പി കഥാപ്രസംഗവും അരങ്ങേറും. വൈകിട്ട് നാലിന് അമ്പലപ്പുഴ വടക്ക്, തെക്ക്, പുറക്കാട് സംഘാടക സമിതികൾ സിപിഐ എം വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫീസിനുമുന്നിൽ സംഘടിച്ച് തീരദേശ റോഡുവഴി സമരഭൂമിയിലെത്തി പുഷ്പാർച്ചന നടത്തും. ഇതിന് മുന്നോടിയായി പകൽ മൂന്നിന് രക്തസാക്ഷി നഗറിൽനിന്ന് ദീപശിഖാറിലേ ആരംഭിക്കും. പുന്നപ്ര–വയലാർ സമര നായകൻ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ കൊളുത്തി നൽകുന്ന ദീപശിഖ ഡിവൈഎഫ്ഐയുടെ കായിക താരം വിനിൽ വിജയൻ ഏറ്റുവാങ്ങും. ഡിവൈഎഫ്ഐ, എഐവൈഎഫ് അത്‌ലീറ്റുകൾക്ക് കൈമാറുന്ന ദീപശിഖ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തി വൈകിട്ട് ആറിന് രക്തസാക്ഷി നഗറിൽ എത്തും. സമരസേനാനി കൊല്ലം പറമ്പിൽ കെ വൈ ലിയോണിന്റെ ചെറുമകൻ വിജയ് ജോസഫിൽനിന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ഇ കെ ജയൻ അധ്യക്ഷനാകും. ഇരുകമ്യൂണിസ്‌റ്റ് പാർടികളുടെയും നേതാക്കളായ വി പി ഉണ്ണികൃഷ്ണൻ, സി എസ് സുജാത, സജി ചെറിയാൻ, പി പ്രസാദ്, ആർ നാസർ, ടി ജെ ആഞ്ചലോസ്, എസ് സോളമൻ, എച്ച് സലാം, പി വി സത്യനേശൻ, എ ഓമനക്കുട്ടൻ, പി കെ സദാശിവൻ പിളള, ആർ രാഹുൽ എന്നിവർ പങ്കെടുക്കും. സി ഷാംജി സ്വാഗതവും സി ടി ഹരീന്ദ്രനാഥ് നന്ദിയും പറയും. രാത്രി എട്ടിന് കൊല്ലം അജന്തയുടെ വംശം നാടകവും അരങ്ങേറും.









0 comments