യുഡിഎഫിന് വോട്ട് ചെയ്‌തവർ മെഴുകുതിരിക്ക് നെട്ടോട്ടത്തിൽ: പി രാജീവ്

മാവേലിക്കര
കേരളത്തിൽ മാറ്റം ആഗ്രഹിച്ച് യുഡിഎഫിന് വോട്ട് ചെയ്‌ത ആളുകൾ മെഴുകുതിരിക്ക് നെട്ടോട്ടമോടുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. കഴിഞ്ഞ 10 വർഷം പിറന്നാളിന് മാത്രം മെഴുകുതിരി കത്തിച്ചിരുന്ന കുഞ്ഞുങ്ങൾ ഇപ്പോഴാണ് അതിന് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന്ന് അറിഞ്ഞത്. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി സുധാകരന്റെ 20–-ാം ചരമവാർഷികത്തോടനുബന്ധിച്ച് സുഭാഷ് നഗറിൽ (ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) നടന്ന അനുസ്‌മരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തടസ്സമില്ലാത്ത വൈദ്യുതി വിതരണത്തിന്റെ നേട്ടം കൂടി കണക്കാക്കിയാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളം ഒന്നാമതെത്തിയത്. 10 കൊല്ലം ആരും എമർജെൻസി ലാമ്പ് അന്വേഷിച്ചിട്ടില്ല. പാചകവാതക സിലിണ്ടറിന് ക്ഷാമം ഉണ്ടായ കാലത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഇൻഡക്ഷൻ കുക്കറുകൾ വിറ്റഴിഞ്ഞത്. പ്രതിസന്ധി നിറഞ്ഞ ആ കാലത്ത് പോലും വൈദ്യുതി വിതരണത്തിന് തടസ്സം നേരിട്ടിരുന്നില്ല. എത്ര പെട്ടെന്നാണ് കേരളം തലകീഴായി മറിഞ്ഞത്. പവർകട്ട് കഴിഞ്ഞിട്ട് സർജറി നടത്തിക്കൂടെ എന്ന് പറയുന്ന മന്ത്രി ഭരിക്കുന്ന നാടായി കേരളം മാറി. സമസ്‌തമേഖലകളും തകരുന്ന കാഴ്‌ചയാണ്. ഈ സർക്കാർ ചെയ്യുന്നതെല്ലാം ജനവിരുദ്ധം. മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞാലംഘനം നടത്താൻ ഒരുമടിയുമില്ല. അദ്ദേഹം പൂർണമായും ആർഎസ്എസിന് കീഴടങ്ങി. എല്ലാകാലവും എല്ലാവരെയും നുണകൾ പറഞ്ഞ് പറ്റിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ തെളിഞ്ഞുതുടങ്ങി. സതീശനെ പുകഴ്‌ത്താൻ ബിജെപി നേതാക്കൾ ക്യൂ നിൽക്കുകയാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനാണ് മോദിയും കൂട്ടരും ഗ്യാനേഷ്‌കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി തുടരാൻ അനുവദിക്കുന്നത്. ഈ പ്രക്രിയ അതുപോലെ തുടരാൻ അനുവദിച്ചാൽ ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.








0 comments