തടവിലാക്കി സൈബർ തട്ടിപ്പിന് ഉപയോഗിച്ചു; എതിര്‍ത്താല്‍ മര്‍ദനം, നോയിഡയില്‍ 164 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി : അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ നിന്ന് 164 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി ഡൽഹി പൊലീസ്. ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ സൈബർ തട്ടിപ്പ് നടത്താൻ നിർബന്ധിതരാക്കുകയായിരുന്നു.
നോയിഡയിലെ വ്യാജ കോൾ സെന്ററിൽ നിന്നാണ് 92 ഇന്തോനേഷ്യൻ പൗരന്മാരെയും 72 മലേഷ്യൻ പൗരന്മാരെയും പൊലീസ് മോചിപ്പിച്ചത്. ക്രൈം ബ്രാഞ്ചിലേക്ക് വന്ന ഒരു ഇ മെയിലാണ് സൈബ്ര തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവിരങ്ങൾ പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ മലേഷ്യൻ പൗരനായ ടാൻ ഹുവാങ് വെയ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് നടത്തിയ റെയ്ഡിൽ 355 മൊബൈൽ ഫോണുകൾ, 168 കമ്പ്യൂട്ടറുകൾ, 26 ലാപ്ടോപ്പുകൾ, 53 സിം കാർഡുകൾ, 174 പാസ്പോർട്ടുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. ഇന്ത്യയിൽ ആകർഷകമായ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്താണ് വിദേശ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയിലെത്തിയ ശേഷമാണ് തങ്ങളെ തട്ടിപ്പിനാണ് എത്തിച്ചിരിക്കുന്നതെന്ന് ഇവര്‍ അറിയുന്നത്. എതിര്‍ത്താല്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബിസിനസ് വിസയിലാണ് ഇവരെ ഇന്ത്യയിലെത്തിക്കുന്നത്. എന്നാൽ, രാജ്യത്തെത്തിയ ഉടൻ ഇവരുടെ പാസ്പോർട്ടുകൾ തട്ടിപ്പ് സംഘം പിടിച്ചുവെക്കുകയും നോയിഡിലെ 65 മുറികളുള്ള പിജിയിൽ തടവിലാക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.








0 comments