മുഖ്യമന്ത്രി വീണ്ടും ഹെലികോപ്റ്ററിൽ; ചെലവ് സ്പോൺസർ വക

തിരുവനന്തപുരം: ഔദ്യോഗിക–സ്വകാര്യ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് മുഴുവൻ യാത്രചെയ്യുന്നത് ഹെലികോപ്റ്ററിൽ. ഇൗ ഹെലിക്കോപ്‌റ്ററിന്റെ ചെലവുകൾ വഹിക്കുന്നത് അജ്ഞാത സ്പോൺസറാണെന്നാണ് വിവരം. ചിപ്‌സൺ ഏവിയേഷൻ സജ്ജമാക്കിയ ഹെലിക്കോപ്റ്ററിലാണ് ഇന്നത്തെ പറക്കൽ. ദുരൂഹമായ സ്‌പോൺസേർഡ് വ്യോമയാത്രകൾ സത്യപ്രതിജ്ഞാലംഘനമായിട്ടും അതു തുടരുമെന്ന ധാർഷ്‌ട്യത്തിലാണ് വി ഡി സതീശൻ.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് വെള്ളിയാഴ്‌ചത്തെ മുഴുവൻ യാത്രകളും ഹെലികോപ്റ്ററിലാക്കിയത്. മുൻപ് അടിയന്തിര സാഹചര്യങ്ങൾ വിലയിരുത്താനും അടിയന്തര യാത്രകൾക്കുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സ്വകാര്യ യാത്രകൾക്ക് പോലും വിഡി സതീശൻ ഹെലികോപ്റ്ററാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടെ അമ്മായിഅപ്പനെ കാണാൻ കൊച്ചിയിലേക്കും കല്യാണം കൂടാൻ കുടകിലേക്കും പാലക്കാട് ചിറ്റൂരിലേക്കും പിന്നെ തൊടുപുഴയിലേക്കും ഹെലിക്കോപ്‌റ്ററിൽ പറന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സർക്കാരിന് നഷ്ടമില്ലെന്നും യാത്രകളുടെ ചെലവുവഹിക്കുന്നത് സ്വകാര്യ വ്യക്തികളും സ്പോൺസർമാരും ആണെന്നുമായിരുന്നു മറുപടി. ദുരൂഹ സ്‌പോൺസർഷിപ്പുകളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന ധിക്കാരവും പ്രകടിപ്പിച്ചു. സത്യപ്രതിജ്ഞയുടെ പൂർണമായ ലംഘനം ഒരു കുലുക്കവുമില്ലാതെ തുടരുകയുമാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാങ്ങിയപ്പോൾ അത് ധൂർത്താണെന്നും മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾക്കായി സർക്കാർ പണം ചെലവഴിക്കുകയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആരോപിച്ചത്. എന്നാൽ, കഴിഞ്ഞ സർക്കാർ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ കാര്യത്തിനും മറ്റുമായാണ് ഹെലിക്കോപ്‌റ്റർ ഉപയോഗിച്ചത്. അതേ സതീശൻ മുഖ്യമന്ത്രിയായതോടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി നിരന്തരം ഹെലികോപ്റ്റർ ഉപയോഗിക്കുകയാണ്.








0 comments