Deshabhimani

നിയമസഭയിലും സന്ദർശകർക്ക് കടുത്ത നിയന്ത്രണം‌

niyamasabha kerala
വെബ് ഡെസ്ക്

Published on Nov 27, 2026, 12:54 PM | 1 min read

തിരുവനന്തപുരം: സെക്രട്ടറിയറ്റിന് പിന്നാലെ നിയമസഭയിലും സന്ദർശകർക്ക്‌ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ. സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഒമ്പത് ദിവസത്തെ സമ്മേളനത്തിനായി നിയമസഭ 30 മുതൽ ആരംഭിക്കുമ്പോൾ മുതൽ നിയന്ത്രണം നിലവിൽ വരും.


സ്പീക്കർ, മുഖ്യമന്ത്രി മന്ത്രിമാർ, എംഎൽഎമാർ എന്നിവരെ കാണുന്നതിന് വ്യത്യസ്ത നിറമുള്ള പാസുകൾ കൊണ്ടുവരും. സീറോ അവറിൽ സന്ദർശകർക്ക് അനുവാദം ഇല്ലെന്നും സ്പീക്കർ അറിയിച്ചു. എല്ലാം തുറന്നുനൽകിയെന്ന്‌ പറഞ്ഞുനടന്ന സർക്കാരാണ്‌ അനിയന്ത്രിതമായ ജനക്കൂട്ടം ബുദ്ധിമുട്ടായതോടെ നിയന്ത്രണവുമായി വരുന്നത്‌.


യുഡിഎഫ്‌ സർക്കാർ വന്നതോടെ കോൺഗ്രസുകാരും ലീഗുകാരുമാണ്‌ സന്ദർശക വേഷത്തിൽ കൂട്ടത്തോടെ എത്തുന്നത്‌. സ്ഥലംമാറ്റംമുതൽ വില്ലേജ്‌ ഓഫീസിൽനിന്നുള്ള ആവശ്യത്തിനുവരെ ഇടനിലക്കാരായി വരുന്നവരാണ്‌ ഏറെയും. സാധാരണ ആവശ്യങ്ങൾക്ക്‌ വരുന്നവർക്ക്‌ അതിനാൽ മന്ത്രിമാരെയോ ഉദ്യോഗസ്ഥരേയോ കാണാനുമാകുന്നില്ല. മന്ത്രിയുടെ ഓഫീസിൽ എത്തിയാൽ തള്ളിക്കയറിയ ഖദർധാരികൾക്കിടയിൽവച്ചാണ്‌ പലപ്പോഴും അവരുടെ ആവശ്യങ്ങൾ പറയൽ. നിയമസഭാ സമുച്ചയത്തിലാണെങ്കിലും സ്ഥിതി വ്യത്യസ്‌തമല്ല.


മന്ത്രിമാർക്ക്‌ ആൾക്കൂട്ടത്തെ തട്ടി നിയമസഭയിലേക്കുപോലും യഥാസമയം എത്താനാകുന്നില്ല, മുഖ്യമന്ത്രിക്ക്‌ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, സ്‌പീക്കറുടെ മുറിയിൽ ബിസ്‌കറ്റും ചായയും കൊണ്ടുവച്ചാലും മുഖ്യമന്ത്രിക്ക്‌ അവിടേക്ക്‌ എത്താനാകുന്നില്ല എന്നു തുടങ്ങി ‘ആളുകൾ’ കൂടിയതിനാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ആദ്യം മനോരമയിലൂടെ വാർത്ത. അടുത്ത ദിവസം സുരക്ഷാ മുന്നറിയിപ്പുണ്ടെന്നും അതിനാൽ നിയന്ത്രണത്തിന്‌ നിർദേശമെന്നും എക്‌സ്‌ക്ലൂസിവ്‌ വാർത്ത. ഇതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ സന്ദർശകർക്ക്‌ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home