Deshabhimani

വിദ്യാര്‍ഥി വിസയിൽ കടുംവെട്ട്, യുകെയിൽ ഉപരിപഠനം ലക്ഷ്യം വെക്കുന്നവര്‍ക്ക് വെല്ലുവിളി

12
വെബ് ഡെസ്ക്

Published on Nov 27, 2026, 12:52 PM | 2 min read

ലണ്ടൻ:ബ്രിട്ടണിൽ ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുന്നതിൽ 29 ശതമാനം ഇടിവ്. വിസ നിരസിക്കൽ നിരക്ക് കഴി‍ഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായി. യുകെ ഹോം ഓഫീസ് നവംബർ 26 ന് പുറത്തു വിട്ട ഇമിഗ്രേഷൻ സ്ഥിതിവിവര കണക്കുകളിലാണ് ഇടിവ് കാണിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കുകളിൽ 29 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.


2026 സെപ്തംബര്‍ വരെ 69,855 ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് വിസ അനുവദിച്ചത്. ചൈനീസ് വിദ്യാര്‍ഥികള്‍ക്കാണ് മുൻതൂക്കം. ഇന്ത്യൻ വിദ്യാര്‍ഥികളുടെ അപേക്ഷ വെട്ടുമ്പോഴും ബ്രിട്ടൺ അനുവദിക്കുന്ന മൊത്തം വിദേശ വിദ്യാ‍ർഥി വിസകളിൽ 22 ശതമാനം ഇന്ത്യയിൽ നിന്നുള്ള കുട്ടികളാണ് സ്വന്തമാക്കുന്നത്. ചൈനയ്ക്ക് തൊട്ടുപിന്നിൽ ഇന്ത്യൻ വിദ്യാര്‍ഥികള്‍ തുടരുന്നു. പിന്നാലെ പാകിസ്ഥാൻ,നൈജീരിയ എന്നിങ്ങനെയാണ്.


യുകെ ആകെ അനുവദിച്ച സ്പോൺസേർഡ് സ്റ്റഡി വിസകളുടെ എണ്ണം 3,35,801 ആയി കുറഞ്ഞിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ കുറവാണിത്. 2023 ജൂണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 49 ശതമാനം കുറവാണിത്.


വിസ നിരസിക്കലും പിൻവലിക്കലും വര്‍ധിച്ചിട്ടുണ്ട്. വിസ നിരസിക്കൽ ഈ കാലയളവിൽ 6.4 ശതമാനമായി. മുൻവർഷം ഇത് 3.1 ശതമാനമായിരുന്നു. 2015 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.


അപേക്ഷകള്‍ തീരുമാനമാവുന്നതിന് മുൻപ് തന്നെ പിൻവലിക്കുന്നതും വര്‍ധിച്ചു. വിദ്യാർഥികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ തീരുമാനമാകുന്നതിന് മുമ്പ് 3,682 അപേക്ഷകളാണ് പിൻവലിക്കപ്പെട്ടത്. 2025-ലെ ഇതേ കാലയളവിൽ ഇത് 779 മാത്രമായിരുന്നു. ഒരു വർഷത്തിനിടെ 370 ശതമാനത്തിലധികം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്.


ഏറ്റവും കുറവ് മാസ്റ്റേഴ്സ് വിസകളിൽ


മാസ്റ്റേഴ്സ് കോഴ്സുകൾക്ക് പോകുന്നവരെയാണ് ഈ ഇടിവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 2026 സെപ്റ്റംബർ വരെയുള്ള വർഷത്തിൽ 1,81,920 മാസ്റ്റേഴ്സ് വിസകൾ മാത്രമാണ് അനുവദിച്ചത്. 29 ശതമാനത്തിന്റെ കുറവാണ് ഇത് കാണിക്കുന്നത്. മാസ്റ്റേഴ്സ് വിഹിതം 63 ൽ നിന്ന് 58 ശതമാനമായി കുറഞ്ഞു. 2023 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ വ്യത്യാസമാണ്. ഇതുവരെ മാസ്റ്റേഴ്സ് വിസകളിൽ 42 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.


ബിരുദതല പഠനത്തിന് എത്തുന്നവരെ പരിഗണിക്കുന്നതിലാണ് ഇത്തിരി വ്യത്യാസമുള്ളത്. 2026 സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ ആകെ 1,62,881 വിദേശ വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് വിസയിൽ നിന്ന് 'ഗ്രാജ്വേറ്റ് റൂട്ട്' വിസയിലേക്ക് മാറാൻ അനുമതി ലഭിച്ചത്. ഇതിൽ 66,552 പേർ ഇന്ത്യൻ വിദ്യാർത്ഥികളാണ്. ജോലി ചെയ്തുകൊണ്ട് പഠിക്കാനുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് അനുമതിയാണിത്. ഇക്കാര്യത്തിൽ അനുമതി നേടുന്നതിൽ 40 ശതമാനത്തോടെ ഒന്നാം സ്ഥാനത്ത് ഇന്ത്യയിൽ നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികളാണ്


2026 നവംബർ 30 മുതൽ വിസ അപേക്ഷകർ കാണിക്കേണ്ട ബാങ്ക് ബാലൻസ് തുകയും വർധിപ്പിച്ചതും തിരിച്ചടിയായി നിലനിൽക്കുന്നു. ഇത്തരം കാര്യങ്ങളിൽ എല്ലാം കേന്ദ്ര സര്‍ക്കാര്‍ പതിവ് രീതിയിൽ ഇടപെടാതെ കാഴ്ചക്കാരായി നിൽക്കയുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home