പെരുമ്പാവൂരിൽ മഴ നനയാതിരിക്കാൻ കട വരാന്തയിൽ കയറി നിന്ന വിദ്യാർഥികൾക്ക് ക്രൂരമർദനം

പ്രതീകാത്മക ചിത്രം, എഐ നിർമിതം
പെരുമ്പാവൂർ: മഴ നനയാതിരിക്കാൻ കട വരാന്തയിൽ കയറി നിന്ന വിദ്യാർഥികളെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു. പെരുമ്പാവൂർ ഒക്കലിൽ വ്യാഴം വൈകീട്ടോടെയാണ് സംഭവം. ഒക്കൽ എസ്എൻ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് മർദനത്തിനിരയായത്. സ്കൂൾ വിട്ടിറങ്ങവെ മഴ പെയ്തതോടെ വിദ്യാർഥികൾ കടയുടെ വരാന്തയിലേയ്ക്ക് കയറി നിന്നു. ഇത് കണ്ട് ബൈക്കിലെത്തിയവർ വിദ്യാർഥികളെ ചോദ്യം ചെയ്തു.
മഴയായതിനാൽ കയറി നിന്നതാണെന്നും മഴ മാറിയാൽ പോകാമെന്നും വിദ്യാർഥികൾ പറഞ്ഞതോടെ ബൈക്ക് കൂട്ടത്തിലെ വിദ്യാർഥിയുടെ കാലിലേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇതിനെ മറ്റു വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ മറ്റ് രണ്ടുപേർ കൂടി എത്തുകയും വിദ്യാർഥികളെ മർദിക്കുകയുമായിരുന്നു. ഹെൽമെറ്റ്, കമ്പി, കല്ല് തുടങ്ങിയവ ഉപയോഗിച്ച് മർദിച്ചുവെന്ന് വിദ്യാർഥികൾ പറയുന്നു. കടയിൽ നിന്നുമെത്തിയ മറ്റൊരു സ്ത്രീ തങ്ങൾക്കു നേരെ അസഭ്യവർഷം നടത്തിയതായും വിദ്യാർഥികൾ പറഞ്ഞു.
താൻ ഒക്കലിലെ വലിയ ഗുണ്ടയാണെന്നും പൊലീസിനെ പേടിയില്ലെന്നും ആരായാണെന്നു വെച്ചാൽ വിളിച്ചുകൊണ്ടുവായോയെന്നുമായിരുന്നു സംഘത്തിന്റെ ഭീഷണിയെന്നും അവർ ആരോപിച്ചു. മർദനത്തിൽ പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.








0 comments