ചക്കക്കൊമ്പന് കൂട്ടായി പിടിയാനയും കുട്ടിയാനയും; മയക്കുവെടി വെയ്ക്കാനാകാതെ വലഞ്ഞ് സംഘം

ഇടുക്കി : ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ധരിപ്പിക്കുന്ന ദൗത്യം മൂന്നാം ദിവസവും അനിശ്ചിതത്വത്തിൽ തുടരുന്നു. ചക്കക്കൊമ്പനൊപ്പം പിടിയാനയും കുഞ്ഞുമെത്തിയതാണ് ദൗത്യസംഘത്തെ വലച്ചത്.
ആനയുടെ സഞ്ചാരം വളരെ സാവധാനമാണെന്നും നിലവിൽ മയക്കുവെടി വെക്കുന്നതിന് അനുകൂലമായ പ്രദേശത്തല്ലെന്നും ദൗത്യസംഘം അറിയിച്ചു. തുരുത്തിലെ ജലാശയം നീന്തിക്കടന്നാണ് ചക്കക്കൊമ്പൻ 301 കോളനി ഭാഗത്ത് എത്തിയത്. ആനയെ ഓമനക്കുഴി ഭാഗത്തേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനിടെയാണ് പിടിയാനയും കുട്ടിയാനയും ചക്കക്കൊമ്പനൊപ്പം കൂടിയത്. മൂവരും ഒരുമിച്ച് ജലാശയത്തിലിറങ്ങി വെള്ളം കുടിച്ചു. ശേഷം ദൗത്യ സംഘം പിടിയാനയെയും കുട്ടിയാനെയും പടക്കം പൊട്ടിച്ച് ഓടിച്ചു.
ചക്കക്കൊമ്പൻ ഇപ്പോൾ സണ്ണി ഏറുമാടം എന്ന പ്രദേശത്താണ് നിൽക്കുന്നത്. ഇന്ന് ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ താൽക്കാലികമായി ഇടവേള നൽകാനാണ് തീരുമാനം. നിലവിൽ ആന പൂർണമായും ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി വെയ്ക്കാൻ കഴിഞ്ഞാൽ ഉടൻ തന്നെ കുങ്കിയാനകളെ ചക്കക്കൊമ്പനുള്ള സ്ഥലത്തേക്ക് എത്തിക്കും. ശേഷം റേഡിയോ കോളർ ഘടിപ്പിക്കും. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഇന്നും തുടരും. മയക്കുവെടി വെക്കുന്ന സമയത്ത് ആന വിരണ്ടോടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്.








0 comments