ചിന്ത പുന്നപ്ര – -വയലാർ സ്‌മരണിക
വിൽപ്പനയ‍്ക്ക് മുന്നിട്ടിറങ്ങി തോമസ് ഐസക്

വയലാർ
പുന്നപ്ര-– വയലാർ സമരത്തിന്റെ സമഗ്രചരിത്രം എഐ ചിത്രങ്ങളുടെ സഹായത്തോടെ പറയുന്ന ചിന്ത വാരിക പ്രത്യേക പതിപ്പ് വിൽപ്പനയിൽ. വയലാർ സമരഭൂമിയിൽ നേരിട്ട് വിൽപനയിൽ പങ്കാളിയായി സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്. സമരത്തിന്റെ 80–ാം വാർഷിക സ്‌മരണികയാണ് ചിന്ത പുറത്തിറക്കിയ ‘കേരളത്തെ പിടിച്ചുകുലുക്കിയ ആറു ദിവസങ്ങൾ' ലക്കം. ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ നിർണായക വഴിത്തിരിവായിരുന്ന പുന്നപ്ര -വയലാർ സമരത്തിന്റെ ചുരുക്ക വിവരണത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഇതിൽ. സമരപശ്ചാത്തലം, പുന്നപ്ര മുതൽ വയലാർ വരെ തൊഴിലാളികൾ ഒരുക്കിയ പ്രതിരോധം, വെടിവയ്‌പ് എന്നിവയുടെ വിവരണവും എഐ ദൃശ്യാവിഷ്‌കാരവും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നുതരം ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പഴയ ചിത്രത്തിന്റെ യഥാർഥ കോപ്പികൾ, അർദ്ധ എഐ ചിത്രങ്ങൾ, ചരിത്ര പുരുഷന്മാരുടെ പുതിയചിത്രങ്ങൾ അടിസ്ഥാനമാക്കി സമര സംഭവങ്ങളുടെ ചിത്രീകരണം, പൂർണമായും എഐ ഉപയോഗിച്ചുള്ള ചിത്രീകരണം എന്നിവയാണ് ഉള്ളടക്കം. ഓരോ ചിത്രത്തിനുമൊപ്പം ചുവപ്പക്ഷരത്തിൽ കൊടുത്തിരിക്കുന്ന നമ്പർ ഏത് ഇനത്തിലുള്ള ചിത്രമാണ് എന്ന് തിരിച്ചറിയാൻ സഹായിക്കും. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തയാറാക്കിയ പുന്നപ്ര– - വയലാർ ലക്കത്തിന്റെ ഡിസൈനർ ആലപ്പുഴ സ്വദേശി ദമത് ലാലാണ്. 20 രൂപയാണ് വില. 5000ൽ അധികം കോപ്പികളാണ് വയലാർ സമരഭൂമിയിൽ ഒറ്റദിവസം കൊണ്ട് വിറ്റുപോയത്.









0 comments