കാണിക്കവഞ്ചി കവർന്നവർ മണിക്കൂറുകൾക്കകം പിടിയിൽ

സ്വന്തം ലേഖകൻ
ചേർത്തല
കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം മോഷ്‌ടിച്ചവരെ മണിക്കൂറുകൾക്കുള്ളിൽ പട്ടണക്കാട് പൊലീസ് പിടികൂടി. അപഹരിച്ച പണം ഉൾപ്പെടെ പ്രതികളിൽനിന്ന് കണ്ടെടുത്തു. വയലാർ പഞ്ചായത്ത് ഒന്നാംവാർഡ് സഞ്‌ജയ്‌നിവാസിൽ സഞ്‌ജയ്ബാബു (22), പുതിയകാവ് സ്വദേശിയായ പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്. ഞായർ പുലർച്ചെ 2.30-ന് ശേഷമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിൽ ആനപ്പന്തലിലെയും വടക്കേനടയിലെയും കാണിക്കവഞ്ചികൾ തകർത്താണ് പണം അപഹരിച്ചത്. കിഴക്കേനടയിലെ കാണിക്കവഞ്ചി തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാവിലെയാണ് കാണിക്കവഞ്ചികൾ തകർത്തതായി ക്ഷേത്രം അധികൃതർ അറിഞ്ഞത്. സിസിടിവി കാമറയിൽ പതിഞ്ഞ മോഷ്‌ടാക്കളുടെ ദൃശ്യങ്ങൾ സഹിതം രാവിലെതന്നെ പട്ടണക്കാട് പൊലീസിനെ ദേവസ്വം അധികൃതർ അറിയിച്ചിരുന്നു. വ്യക്തമല്ലാത്ത ദൃശ്യം ഉപയോഗപ്പെടുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രായപൂർത്തിയാകാത്ത പുതിയകാവ് സ്വദേശിയെ മണിക്കൂറുകൾക്കകം വീട്ടിൽനിന്ന് പിടികൂടി. ഇയാളിൽനിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ പ്രധാനപ്രതി സഞ്‌ജയ് ബാബുവിനെ വലയിലാക്കി. തിങ്കൾ പകൽ മൂന്നോടെ സഞ്‌ജയ് ബാബുവിനെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. പട്ടണക്കാട് സ്‌റ്റേഷൻ ഓഫീസർ കെ എസ് ജയന്റെ നേതൃത്വത്തിൽ എസ്ഐ കെ സൈജു, അഡീഷണൽ എസ്ഐ കെ മധു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.











0 comments