തമിഴ്നാട് ടൂറിസം കോർപ്പറേഷന്റെ പുതിയ ഓഫർ; 99 രൂപയ്ക്ക് ചിക്കൻ ബിരിയാണി

Photo Credit | Tamil Nadu Tourism Development Corporation / Facebook
ചെന്നൈ : രാജ്യത്ത് പാചകവാതക വിലവർധനവും അസംസ്‌കൃത വസ്തുക്കളുടെ കടുത്ത വിലക്കയറ്റവും കാരണം ഹോട്ടലുകൾ ഭക്ഷണസാധനങ്ങളുടെ വില കുത്തനെ കൂട്ടുന്നതിനിടെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി ജനകീയ ചുവടുവെപ്പുമായി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ റെസ്റ്റോറന്റുകളിലാണ് പുതിയ തുടക്കം. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും മിതമായ നിരക്കിൽ ഭക്ഷണം ഉറപ്പാക്കുന്നതിനുമായി ആഴ്ചയിലെ അവസാന ദിവസങ്ങളിൽ 99 രൂപയ്ക്ക് ചിക്കൻ ബിരിയാണി നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ഒരു പ്ലേറ്റ് ബിരിയാണിക്കൊപ്പം റൈത്തയും വഴുതനങ്ങ ഗ്രേവിയും ലഭിക്കും. ഗുണനിലവാരമുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനൊപ്പം ടിടിഡിസി റെസ്റ്റോറന്റുകളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് ഈ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം ഡയറക്ടറും ടിടിഡിസി മാനേജിംഗ് ഡയറക്ടറുമായ വി പി ജയശീലൻ വ്യക്തമാക്കി. വൻകിട ഹോട്ടൽ കുത്തകകൾ അമിത ലാഭം കൊയ്യാൻ വില വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഒരു പൊതുമേഖല സ്ഥാപനം ഇത്തരമൊരു പദ്ധതിയിലൂടെ മുന്നോട്ട് വരുന്നത്.
തിരഞ്ഞെടുത്ത ടിടിഡിസി റെസ്റ്റോറന്റുകളിൽ നിലവിൽ ഈ പദ്ധതി വിജയകരമായി ആരംഭിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഹോസൂർ, റാണിപ്പേട്ട്, ഊട്ടി, കോയമ്പത്തൂർ, കൊടൈക്കനാൽ, ചിദംബരം, തിരുനെൽവേലി ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 21 ടിടിഡിസി കേന്ദ്രങ്ങളിലാണ് നിലവിൽ 99 രൂപയുടെ ചിക്കൻ ബിരിയാണി ലഭ്യമാകുക. വാരാന്ത്യങ്ങളിൽ ഏകദേശം 4,200 പ്ലേറ്റ് ബിരിയാണി വിറ്റഴിക്കാനാകുമെന്നാണ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്.
ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ വൻകിട ഇടനിലക്കാരെ ഒഴിവാക്കിയുള്ള കാര്യക്ഷമമായ സംഭരണം, ഏകീകൃത പാചകരീതികൾ, ശാസ്ത്രീയമായ അടുക്കള എന്നിവയിലൂടെയാണ് ടിടിഡിസി ഇതിന്റെ ചെലവുകൾ നിയന്ത്രിച്ചു നിർത്തുന്നതെന്നും ജയശീലൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴാണ് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഭക്ഷണം ഒരുക്കാൻ തമിഴ്‌നാട് ടൂറിസം വികസന കോർപ്പറേഷൻ ഒരുങ്ങുന്നത്.










0 comments