ഇന്ത്യ - ന്യൂസിലൻഡ് കൂടിക്കാഴ്ച; ഇൻഡോ-പസഫിക്കിൽ അമേരിക്കൻ തന്ത്രങ്ങൾ ഉറപ്പാക്കുക ലക്ഷ്യം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനും | Photo by DEAN PURCELL / POOL / AFP
ഓക്ക്‌ലൻഡ് : ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര പരാജയങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാർഷിക ഉഭയകക്ഷി വ്യാപാരം 2030ഓടെ ഇരട്ടിയാക്കി 35,000 കോടി രൂപയിലെത്തിക്കാനുള്ള അഞ്ച് വർഷത്തെ ലക്ഷ്യവും ഇരുനേതാക്കളും ചേർന്ന് നിശ്ചയിച്ചിട്ടുണ്ട്. കോർപ്പറേറ്റ് വിപണി ലക്ഷ്യമിട്ട് അടുത്തിടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) പിന്നാലെയാണ് പുതിയ നീക്കങ്ങൾ.
മേഖലയിൽ ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങളുടെയും ഇൻഡോ-പസഫിക് തന്ത്രങ്ങളുടെയും ഭാഗമായാണ് മോഡിയുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അവസാന ഘട്ടമായാണ് ഓക്ക്‌ലൻഡിൽ എത്തിയത്. സൈനിക-വ്യാപാര താല്പര്യങ്ങൾ മുൻനിർത്തി ഇന്ത്യൻ നാവികസേനയും ന്യൂസിലൻഡ് ഡിഫൻസ് ഫോഴ്സും തമ്മിലുള്ള പരസ്പര ലോജിസ്റ്റിക്സ് പിന്തുണാ കരാർ ഉൾപ്പെടെ 10 ഉടമ്പടികളടക്കം 18 തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിലുണ്ടായത്.
രാജ്യത്തെ കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും ദാരിദ്ര്യവും നിലനിൽക്കെ ഇന്ത്യയെക്കുറിച്ചും വികസനത്തെക്കുറിച്ചും അതിശയോക്തിപരമായാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൻ വിശേഷിപ്പിച്ചത്. മോഡിയെ "നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാൾ" എന്ന് വിശേഷിപ്പിച്ച ലക്സൻ, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 250 ദശലക്ഷം ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്നും വിമാനത്താവളങ്ങളും ദേശീയപാതകളും വർധിച്ചുവെന്നുമുള്ള സർക്കാർ കണക്കുകളും നിരത്തി.
കഴിഞ്ഞ 40 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നതെന്നിരിക്കെ വലിയ പ്രചാരണ കോലാഹലങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ ഇതിനായി നടത്തിയത്. ന്യൂസിലൻഡിലെ തെരുവുകൾക്ക് ഇന്ത്യൻ നഗരങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന വൈകാരിക പരാമർശങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും മോഡി നടത്തുകയുണ്ടായി.










0 comments