കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും; ഖാരിഫ് കൃഷി പ്രതിസന്ധിയിൽ, വിലക്കയറ്റ ആശങ്ക ശക്തമാകുന്നു

രാജ്യത്ത് വൈകിയെത്തിയ മഴ നെൽക്കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട് | REUTERS/Anuwar Hazarika/File Photo
ന്യൂഡൽഹി : രാജ്യത്തെ നഗരങ്ങൾ അശാസ്ത്രീയ വികസനം മൂലം പ്രളയത്തിൽ മുങ്ങുമ്പോൾ ഗ്രാമങ്ങളിലെ കൃഷിയിടങ്ങൾ സമയത്തിന് മഴ ലഭിക്കാതെ ഉണങ്ങി വരണ്ടുപോകുന്ന കാഴ്ചയാണ്. മഴയില്ലാതെ കടന്നുപോയ ജൂൺ മാസത്തിന് ശേഷം ഖാരിഫ് കൃഷിയെ രക്ഷിക്കാൻ ജൂലൈയിലെ മഴയ്ക്ക് സാധിക്കുമോ എന്നാണ് കർഷകരിപ്പോൾ ഉറ്റുനോക്കുന്നത്. വൈകിയെത്തിയ മഴ നെൽക്കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ കടുത്ത വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിൽ മഴയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും വരും ആഴ്ചകളിൽ പലയിടങ്ങളിലും കനത്ത മഴക്ഷാമം നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ വളരെ കുറഞ്ഞ മഴ മാത്രമായിരിക്കും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ലഭിക്കുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ വിലയിരുത്തൽ.
കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ജൂലൈ 5 വരെയുള്ള ഖാരിഫ് വിതയ്ക്കലിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 91.95 ലക്ഷം ഹെക്ടറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നെൽക്കൃഷിയുടെ വിസ്തൃതിയിൽ മാത്രം 9.06 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ഈ പ്രതിസന്ധി നെല്ലിനെ മാത്രം ബാധിക്കുന്ന ഒന്നല്ല. പരിപ്പ് വർഗ്ഗങ്ങളുടെ കൃഷി 10.34 ലക്ഷം ഹെക്ടറും, ധാന്യങ്ങളുടേത് 11.75 ലക്ഷം ഹെക്ടറും, എണ്ണക്കുരുക്കളുടേത് 42.96 ലക്ഷം ഹെക്ടറും, പരുത്തിയുടേത് 18.82 ലക്ഷം ഹെക്ടറും കുറഞ്ഞു. മൺസൂണിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മുഴുവൻ ഖാരിഫ് കൃഷിയേയും, കാർഷിക സമ്പദ്‌വ്യവസ്ഥയെയും താളംതെറ്റിച്ചിരിക്കുകയാണ്.
മഴയുടെ അളവ് വൻതോതിൽ കൂടുന്നത് കൊണ്ട് മാത്രം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ല. കാരണം നെൽക്കൃഷിക്ക് മറ്റ് വിളകളിൽ നിന്ന് വ്യത്യസ്തമായ കൃത്യമായ സമയക്രമമാണുള്ളത്. കൃഷിയിടങ്ങളിലേക്ക് മാറ്റി നടുന്നതിന് മുൻപ് നെൽച്ചെടികൾ പാകി വളർത്തേണ്ടതുണ്ട്. ഇതിനായി ആഴ്ചകളോളം നീണ്ടുനിൽക്കുന്ന നേരിയ തോതിലുള്ള മഴയാണ് ആവശ്യം. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന കനത്ത മഴയ്ക്ക് ഇതിന് പകരമാകാൻ കഴിയില്ല. കർഷകർക്ക് ഇപ്പോൾ ആവശ്യം കനത്ത മഴയല്ല, മറിച്ച് കൃത്യമായ ഇടവേളകളിൽ ലഭിക്കുന്ന മഴയാണ്. ഖാരിഫ് വിളകൾ ഭൂരിഭാഗവും ജൂലൈ മാസത്തിലാണ് വിതയ്ക്കൽ പൂർത്തിയാക്കുന്നത്. എന്നാൽ കർഷകർക്ക് മുന്നിലുള്ള സമയപരിധി വളരെ കുറവാണ്.
കേന്ദ്രസർക്കാർ ഏപ്രിൽ മാസം മുതൽ തന്നെ ഖേത് ബച്ചാവോ അഭിയാൻ പോലുള്ള പ്രഖ്യാപനങ്ങളിലൂടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായും കിസാൻ ക്രെഡിറ്റ് കാർഡ് വിപുലീകരിച്ചതായും കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയിലെ കർഷക ദുരിതത്തിന് കുറവൊന്നും വന്നിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ 40 ശതമാനമായിരുന്ന മഴയുടെ കുറവ് ഇപ്പോൾ 15.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മഴ കുറവുള്ള ജില്ലകളുടെ എണ്ണം 178 ആയി കുറഞ്ഞെന്നും സർക്കാർ പറയുന്നു. രാജ്യത്തെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് ഇപ്പോഴും സാധാരണ അളവിലും താഴെയാണ്.
എൽ നിനോ പ്രതിഭാസം പലപ്പോഴും മൺസൂണിനെ ദുർബലപ്പെടുത്തുകയും ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പിനും കോർപ്പറേറ്റ് കൊള്ളയ്ക്കും വിലക്കയറ്റത്തിനും കാരണമാവുകയും ചെയ്യാറുണ്ട്. ജൂലൈ പകുതിക്ക് ശേഷവും വിതയ്ക്കൽ വൈകിയാൽ അത് അടുത്ത റാബി സീസണെയും ദോഷകരമായി ബാധിച്ചേക്കാം. നിലവിൽ രാജ്യത്തുള്ള റെക്കോർഡ് അരി ശേഖരം താല്ക്കാലിക ക്ഷാമം ഒഴിവാക്കാൻ സഹായിച്ചേക്കുമെങ്കിലും പരിപ്പ് വർഗ്ഗങ്ങളുടെയും പാചക എണ്ണകളുടെയും വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാരായ ഉപഭോക്താക്കളെ സംരക്ഷിക്കാൻ അതിന് കഴിയില്ല. ഇത് കർഷകരുടെ വരുമാനത്തിലുണ്ടാകുന്ന ഇടിവ് പരിഹരിക്കാനും പര്യാപ്തമല്ല. അതിനാൽ ഈ കാർഷിക പ്രതിസന്ധി നാളത്തെ വലിയൊരു സാമ്പത്തിക വെല്ലുവിളിയായി മാറാതിരിക്കാൻ രാജ്യത്തെ കർഷകരെയും കൃഷിയെയും സംരക്ഷിക്കുന്ന ജനകീയ നയങ്ങളാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.










0 comments