ad
Deshabhimani

ഊർജ്ജ സുരക്ഷയിൽ സമ​ഗ്ര പരിഷ്കാരം വേണം; അമിതാഭ് കാന്ത്

Amitabh Kant

അമിതാഭ് കാന്ത് | Photo Credit : Facebook

വെബ് ഡെസ്ക്

Published on Jul 11, 2026, 07:21 PM | 2 min read

ന്യൂഡൽഹി : രാജ്യത്തെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലും തകർച്ചയിലായ വൈദ്യുതി വിതരണ കമ്പനികളുടെ കാര്യത്തിലും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മുൻ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. വൈദ്യുതി വിതരണ രംഗത്ത് സമൂലമായ പരിഷ്കാരങ്ങൾ കൊണ്ടുവരാതെ ഇന്ത്യയ്ക്ക് യഥാർത്ഥ ഊർജ സ്വാതന്ത്ര്യം കൈവരിക്കാനാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വൻതോതിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഡിസ്കോമുകളുടെ ഘടനാപരമായ പരാജയങ്ങളെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.


പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ തകരുകയും ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമിതാഭ് കാന്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 87 ശതമാനത്തോളവും ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ വലിയൊരു പങ്ക് ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുവരുന്നത്. ഈ ഹോർമുസ് പ്രതിസന്ധി ഫോസിൽ ഇന്ധന ഇറക്കുമതിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന കേന്ദ്ര നയങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. വൈദ്യുതീകരണം, പുനരുപയോഗ ഊർജ്ജം, മികച്ച സംഭരണ സംവിധാനങ്ങൾ എന്നിവയാണ് ഇനി ഇന്ത്യയ്ക്ക് മുന്നോട്ടുള്ള വഴിയെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന നിലവിലെ രീതി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്ന ആശങ്ക വ്യക്തമാക്കുന്നതാണ് അമിതാഭ് കാന്തിന്റെ പ്രതികരണം.


പരമ്പരാഗതമായ രീതികളിൽ നിന്ന് മാറി വൈദ്യുതി വിതരണ ശൃംഖലയെ ആധുനീകരിക്കാൻ എഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും നഷ്ടം ഗണ്യമായി കുറയ്ക്കാനും സാധിക്കും. പ്രെഡിക്റ്റീവ് മെയിന്റനൻസ്, എടി ആൻഡ് സി (ജനറേഷൻ ആൻഡ് കൊമേഴ്‌സ്യൽ) നഷ്ടം കുറയ്ക്കൽ, കൂടുതൽ മികച്ച കാപെക്സ് ആസൂത്രണം എന്നിവയിലൂടെ ഊർജ്ജ വിതരണ ശൃംഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും അമിതാഭ് കാന്ത് വ്യക്തമാക്കുന്നു.


ഊർജ്ജ മേഖലയ്ക്കായി അത്യാധുനിക എഐ മോഡലുകൾ വികസിപ്പിക്കുന്ന, മോഹക് മംഗൽ, ധ്രുവ് സൂരി എന്നിവർ ചേര്‍ന്ന് ബംഗളൂരുവിൽ ആരംഭിച്ച 'പ്രവാഹ്'എന്ന സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഏതെങ്കിലും ഒരു ഡിസ്കോമിന് കീഴിൽ പ്രവർത്തിക്കാൻ ഇത്തരം നൂതന സ്റ്റാർട്ടപ്പുകൾക്ക് ഒരു വർഷത്തെ സമയം നൽകിയാൽ ആ മേഖലയെ പൂർണമായി മാറ്റിയെടുക്കാൻ ഇതിലൂടെ സാധിക്കുമെന്നും എല്ലാ വൈദ്യുതി വിതരണ കമ്പനികളും ഇങ്ങനെയുള്ള സാങ്കേതിക മുന്നേറ്റങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം എഐ സാങ്കേതിക പരിഹാരങ്ങൾ കൊണ്ടുവരുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ടെൻഡർ നടപടികളിലെ നിലവിലെ പൊതു സംഭരണ നിയമങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യയിലെ വൈദ്യുതി വിതരണ കമ്പനികൾ കാലങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തുടരുന്നത്. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാര ഡിസ്കോമുകൾ 2014 സാമ്പത്തിക വർഷത്തിൽ 67,962 കോടി രൂപയും 2024ൽ 25,553 കോടി രൂപയും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 2,701 കോടി രൂപയുടെ ലാഭം നേടി നേരിയ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും ഘടനാപരമായ വെല്ലുവിളികൾ മേഖലയിൽ നിലനിൽക്കുകയാണ്.


പതിനാറാം ധനകാര്യ കമ്മീഷനായി 'പ്രയാസ് എനർജി ഗ്രൂപ്പ്' 2025 സെപ്റ്റംബറിൽ നടത്തിയ പഠനമനുസരിച്ച് ഡിസ്കോമുകളുടെ ആകെ നഷ്ടം 7.08 ലക്ഷം കോടി രൂപയാണ്. ഡിസ്കോമുളുടെ നഷ്ടം പ്രതിവർഷം ശരാശരി 8 ശതമാനം തോതിൽ വർധിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രവർത്തന മൂലധനത്തിനായുള്ള വായ്പകൾ, ഉയർന്ന പലിശ ചെലവ്, പ്രവർത്തനങ്ങളിലെ കാര്യക്ഷമതയില്ലായ്മ എന്നിവയാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഊർജ്ജ സുരക്ഷയിലും വിതരണത്തിലും നിലനിൽക്കുന്ന ഈ വലിയ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര നയങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home