പുതുവൈപ്പ് കടലിൽ വഞ്ചി മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികൾ മരിച്ചു

വൈപ്പിൻ : പുതുവൈപ്പ് കടലിൽ തിരയിൽപ്പെട്ട് വഞ്ചി മുങ്ങി രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ പള്ളത്ത് സാബു (57), അറക്കൽ സെബാസ്‌റ്റ്യൻ (ദേവസി–70) എന്നിവരാണ് മരിച്ചത്. ശനി രാവിലെ 8.45 ഓടെയാണ് സംഭവം. പുലർച്ചെ അഞ്ചോടെ അഞ്ചംഗസംഘം വട്ടവല വഞ്ചിയിൽ കടലിൽ മത്സ്യബന്ധനത്തിനു പോയതായിരുന്നു. ലൈറ്റ് ഹൗസിനു പടിഞ്ഞാറ് വലയിടുന്നതിനിടയിൽ വലിയൊരു തിര വന്നിടിച്ച് വഞ്ചി മുങ്ങി. അഞ്ചുപേരും തെറിച്ച് വെള്ളത്തിൽ വീണു.
ഒരാൾ പടിഞ്ഞാറുഭാഗത്തേക്ക് നീന്തി മറ്റൊരു വഞ്ചിയിൽ കയറി രക്ഷപ്പെട്ടു. ബാക്കി നാലുപേർ കര ലക്ഷ്യമാക്കി കിഴക്കോട്ട് നീന്തുകയായിരുന്നു. കരയ്‌ക്കടുക്കുന്നതിനുമുന്പ് മറ്റൊരു തിര വന്നിടിച്ചു. സാബുവിനെയും സെബാസ്‌റ്റ്യനെയും പിന്നീട് കണ്ടില്ലെന്ന് രക്ഷപ്പെട്ട പുളിക്കൽ രാജു പറഞ്ഞു. തിരച്ചിൽ തുടരുന്നതിനിടയിൽ ഒരുമണിക്കൂറിനുശേഷം തെക്കുഭാഗത്തായി ഇരുവരുടെയും മൃതദേഹങ്ങൾ അടിയുകയായിരുന്നു.
രാജു (തിരുവനന്തപുരം), സുരേഷ് (ഞാറക്കൽ) എന്നിവരാണ് രക്ഷപ്പെട്ട മറ്റു രണ്ടുപേർ. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം സാബുവിന്റെയും സെബാസ്‌റ്റ്യന്റെയും സംസ്‌കാരം നടത്തി. സാബുവിന്റെ ഭാര്യ ശോഭ. മക്കൾ: ഗ്രീഷ്‌മ, വിഷ്‌ണു. മരുമകൻ: നിഥിൻ. സെബാസ്‌റ്റ്യന്റെ ഭാര്യ മേഴ്‌സി. മക്കൾ: ജാക്‌സൺ, ലക്‌സി. മരുമകൻ: പ്രദീപ്.










0 comments