സുഹൃത്തിന് കരൾ പകുത്ത് നൽകി പ്രേംശങ്കർ; മാറ്റിവച്ചയാളിൽ കരൾ പ്രവർത്തിച്ചു തുടങ്ങി


സ്വന്തം ലേഖകൻ
Published on Jul 11, 2026, 07:15 PM | 1 min read
തൃശൂർ : പ്രേംശങ്കറിന്റെ കരൾ ഇനി സുഹൃത്തിൽ തുടിക്കും. സുഹൃത്തിന് കരൾ പകുതി നൽകിയശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഡിവൈഎഫ്‌ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ് പ്രേംശങ്കറിനെ വാർഡിലേക്ക് മാറ്റി. കരൾ മാറ്റിവച്ചയാളിൽ പ്രവർത്തിച്ചു തുടങ്ങിയെന്നും ആരോഗ്യ സ്ഥിതി സുരക്ഷിതമാണെന്നും ഡോക്ടർമാർ പറഞ്ഞു. കരൾ സ്വീകരിച്ച സുഹൃത്തിനെ പ്രേംശങ്കർ സന്ദർശിച്ചു. വ്യാഴാഴ്ച കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ശസ്‌ത്രക്രിയ.
കരൾ നൽകാൻ പ്രേംശങ്കറിന് റോബോട്ടിക് സർജറിയാണ് നടത്തിയത്. നെഞ്ചിനു താഴെ നാല് ദ്വാരം ഇട്ടശേഷം 60 ശതമാനം ലിവർ മുറിച്ചശേഷം അടിവയറിൽ 13 സെന്റീമീറ്റർ മുറിവുണ്ടാക്കി പുറത്തേക്ക് എടുക്കുകയായിരുന്നു. വ്യാഴം രാവിലെ എട്ടിന് തുടങ്ങിയ ശസ്‌ത്രക്രിയ കഴിഞ്ഞ് ബോധം വീണ്ടെടുത്തത് രാത്രി 10നാണെന്ന് പ്രേംശങ്കർ പറഞ്ഞു. ശസ്‌ത്രക്രിയയുടെ ഭാഗമായി വയറിൽ ഉണ്ടാക്കിയ മുറിവിൽ ചെറിയ വേദനയുണ്ടെന്നതൊഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശസ്‌ത്രക്രിയക്ക്‌ശേഷം മൂന്നു ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ കഴിയണമെന്നായിരുന്നു ആദ്യം ഡോക്ടർ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ രണ്ടാം ദിനം വാർഡിലേക്ക് മാറ്റി. കരൾ സ്വീകരിച്ചയാൾ രണ്ട് ആഴ്‌ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ പരിചരണത്തിൽ കഴിയും. ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌തശേഷം മൂന്നു മാസം വീട്ടിൽ അതീവശ്രദ്ധയോടെ കഴിയണം.
വലിയ നിയമപോരാട്ടത്തിനൊടുവിലാണ് പ്രേംശങ്കറിന്റെ കരൾ സുഹൃത്തിന് പകുത്തു നൽകാനുള്ള ശസ്‌ത്രക്രിയ നടന്നത്. മനുഷ്യസ്‌നേഹത്തിന്റെ പുതിയ ലോകം സൃഷ്‌ടിക്കാനായി പ്രേംശങ്കർ നടത്തിയ പരിശ്രമമാണ് കോടതി ഇടപെടലിൽ ഫലം കണ്ടത്.
രക്തഗ്രൂപ്പ് വ്യത്യസ്തമായതിനാലും ശാരീരിക പ്രശ്നങ്ങളും കാരണം രോഗിയുടെ ബന്ധുക്കൾക്ക് കരൾ നൽകാൻ കഴിയാതെ വന്നപ്പോഴാണ് ജീവൻ രക്ഷിക്കാൻ പ്രേംശങ്കർ തയ്യാറായത്. ജൂലൈ രണ്ടിനായിരുന്നു ആദ്യം ശസ്‌ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ, കരൾ ദാനം ചെയ്യാനുള്ള അപേക്ഷ ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി നിരസിച്ചു.
തുടർന്ന് ഹൈക്കോടതി വഴി നിയമപോരാട്ടം നടത്തിയാണ് പ്രേംശങ്കർ അവയവം ദാനം ചെയ്യാനുള്ള അവകാശം നേടിയെടുത്തത്. ഹൈക്കോടതി റിപ്പോർട്ട് തേടിയതോടെയാണ് ‘കെസോട്ടോ' ശനിയാഴ്‌ച അനുകൂല തീരുമാനം എടുത്തത്.










0 comments