ad
Deshabhimani

അടിമുടി മാറിയ അക്കാദമികൾ,ആർട്ടിഫിഷ്യൽ പിച്ചുകൾ; ഫുട്ബോളിലെ നോർവേ മോഡൽ

NORWAY.

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 11, 2026, 06:47 PM | 2 min read

ലണ്ടൻ: 2026 ഫിഫ ലോകകപ്പിൽ വൻശക്തികളെപ്പോലും വിറപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ നോർവേ, ആഗോള ഫുട്ബോളിലെ പുതിയ കരുത്തരായി മാറുകയാണ്.


മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ടിന്റെ ഏഴ് ഗോളുകളുടെ കരുത്തിലും, ആഴ്‌സണൽ താരം മാർട്ടിൻ ഒഡെഗാർഡിന്റെ നായകമികവിലും കുതിക്കുന്ന നോർവേയുടെ ഈ വിജയം വെറുമൊരു അദ്ഭുതമല്ല. മറിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണ്.


നോക്കൗട്ട് ഘട്ടത്തിൽ ഐവറി കോസ്റ്റിനെയും കരുത്തരായ ബ്രസീലിനെയും അട്ടിമറിച്ചാണ് നോർവേ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ സ്വപ്നപോരാട്ടത്തിന് യോഗ്യത നേടിയത്.


1998-ലെ ലോകകപ്പിന് ശേഷം 28 വർഷത്തെ ഇടവേള കഴിഞ്ഞാണ് നോർവേ ഇത്തവണ ലോകകപ്പിനെത്തിയത്. സമാനമായ ജനസംഖ്യയുള്ള സ്കോട്ട്‌ലൻഡ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായപ്പോഴാണ് നോർവേ ക്വാർട്ടറിൽ ഇടംപിടിച്ചത്.


നാഷണൽ ടീം സ്കൂൾ


തണുത്തുറഞ്ഞ വിന്റർ സ്പോർട്സുകൾക്ക് പേരുകേട്ട ഒരു രാജ്യത്തെ ഫുട്ബോൾ ശക്തിയാക്കി മാറ്റിയതിന് പിന്നിൽ 2013-ൽ നോർവീജിയൻ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ച 'നാഷണൽ ടീം സ്കൂൾ' എന്ന തദ്ദേശീയ വികസന പദ്ധതിയാണ്.


ലോകകപ്പ് ടീമിലെ 26-ൽ 17 കളിക്കാരും പ്രീമിയർ ലീഗ്, ബുന്ദസ്‌ലിഗ, ലാ ലിഗ, സിരി എ തുടങ്ങിയ യൂറോപ്പിലെ മികച്ച നാല് ലീഗുകളിലാണ് കളിക്കുന്നത്.


ഇവരിൽ ഭൂരിഭാഗവും എൻടിഎസ് അക്കാദമി സംവിധാനത്തിലൂടെ വളർന്നുവന്നവരാണ്. ബ്രസീലിനെ തകർത്ത ടീമിലെ 15-ൽ 14 താരങ്ങളും ഈ യൂറോപ്യൻ യൂത്ത് സിസ്റ്റത്തിൽ നിന്ന് വന്നവരാണ്.


മറ്റ് രാജ്യങ്ങളെപ്പോലെ കുട്ടികളെ എട്ടാം വയസ്സിൽ തന്നെ വലിയ അക്കാദമികളിലേക്ക് മാറ്റുന്നതിന് പകരം, 12 വയസ്സ് വരെ നാട്ടിലെ പ്രാദേശിക ക്ലബ്ബുകളിൽ കളിക്കാൻ അനുവദിക്കുന്നതാണ് നോർവേയുടെ രീതി.


"ഫുട്ബോളിനെ ഒരു കളിക്കാരൻ എത്രത്തോളം സ്നേഹിക്കുന്നു എന്നാണ് ഞങ്ങൾ ആദ്യം നോക്കുന്നത്


ഹാലണ്ട് 14-ാം വയസ്സിൽ ഈ ക്യാമ്പിൽ എത്തുമ്പോൾ അവൻ ലോകത്തിലെ ഏറ്റവും മികച്ച താരമാകുമെന്ന് ആരും കരുതിയിരുന്നില്ല," പ്ലെയർ ഡെവലപ്‌മെന്റ് മേധാവി ഹാക്കോൺ ഗ്രോട്ട്‌ലാൻഡ് ബിബിസിയോട് പറഞ്ഞു.


എന്നാൽ 11-ാം വയസ്സിൽ തന്നെ വിസ്മയിപ്പിച്ച മാർട്ടിൻ ഒഡെഗാർഡിന്റെ പ്രതിഭയാണ് ഈ അക്കാദമി സിസ്റ്റത്തിന്റെ പ്രധാന പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നോർവേയിലെ കഠിനമായ ശീതകാലം ഫുട്ബോളിന് തടസ്സമാകാതിരിക്കാൻ 2000 മുതൽ 2010 വരെയുള്ള കാലയളവിൽ രാജ്യം ആർട്ടിഫിഷ്യൽ പിച്ചുകളിൽ വൻ നിക്ഷേപം നടത്തി.


2016-നും 2025-നുമിടയിൽ മാത്രം 539 പുതിയ പിച്ചുകൾ നിർമ്മിക്കുകയും 586 എണ്ണം നവീകരിക്കുകയും ചെയ്തു.


ഇതിനായുള്ള ഫണ്ട് കണ്ടെത്തിയത് ഒരു സവിശേഷ രീതിയിലൂടെയാണ്. രാജ്യത്തെ പ്രമുഖ സർക്കാർ ചൂതാട്ട കമ്പനിയായ 'നോർസ്‌ക് ടിപ്പിങ്' തങ്ങളുടെ ലാഭത്തിന്റെ 64 ശതമാനവും സ്പോർട്സ് അടിസ്ഥാന സൗകര്യ വികസനത്തിനാണ് നൽകുന്നത്.


2026-ൽ മാത്രം 150 മില്യൺ പൗണ്ടിലധികം (ഏകദേശം 1500 കോടിയിലധികം രൂപ) ഇത്തരത്തിൽ കായിക മേഖലയ്ക്കായി ലഭിച്ചു.


"ഒരു കളിക്കാരനും ടീമിനേക്കാൾ വലുതല്ല" എന്ന തത്വമാണ് തങ്ങൾ കളിക്കാരെ പഠിപ്പിക്കുന്നതെന്ന് നോർവേ പരിശീലകൻ സ്റ്റാലെ സോൽബാക്കൻ പറയുന്നു.


വരാനിരിക്കുന്ന ക്വാർട്ടർ ഫൈനലിൽ ശക്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രം ആവർത്തിക്കാനുറച്ചാണ് നോർവീജിയൻ പടയിറങ്ങുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home