ad
Deshabhimani

2013 ൽ നാല് പൊലീസുകാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണം; ഹിസ്ബുൾ ഭീകരൻ ഇംതിയാസ് അഹമ്മദിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്

HISBULLA

ഹിസ്‌ബുൾ തീവ്രവാദി ഇംതിയാസ് അഹമ്മദ്| Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 11, 2026, 08:15 PM | 2 min read

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഒരുകാലത്ത് സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിന്റെ മുഖ്യസൂത്രധാരനെ പിടികൂടാൻ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുടെ സഹായം തേടി ഇന്ത്യ.


വടക്കൻ കശ്മീരിൽ നാല് പൊലീസുകാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണത്തിന്റെ സൂത്രധാരനും നിരോധിത ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡറുമായ ഇംതിയാസ് അഹമ്മദ് കണ്ഡുവിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.


കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി നടത്തിയ ശക്തമായ നീക്കത്തിനൊടുവിലാണ് നടപടി. വർഷങ്ങൾക്ക് മുൻപ് ഇയാൾ അതിർത്തി കടന്ന് പാകിസ്താനിലേക്ക് രക്ഷപ്പെട്ടതായാണ് നിഗമനം. ഫയാസ്, സജാദ് എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നുണ്ട്.


2013 ഏപ്രിൽ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോപോറിലെ ഹൽഗാമിലുള്ള പീർ മൊഹല്ലയിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ഭീകരർ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു.


ക്രൂരമായ വെടിവെപ്പിൽ നാല് പൊലീസുകാരും സംഭവസ്ഥലത്തുതന്നെ വീരമൃത്യു വരിച്ചു. വർഷങ്ങളായി തെളിവുകളോ സൂചനകളോ ഇല്ലാതെ ഫയലിലൊതുങ്ങിയ കേസ് 2024-ലാണ് പുനരന്വേഷണത്തിനായി എസ്ഐഎ കശ്മീരിന് കൈമാറിയത്.


മാസങ്ങൾ നീണ്ട ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ആക്രമണത്തിന്റെ കൃത്യമായ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ഏജൻസിക്ക് കഴിഞ്ഞു. 2024 ജൂലൈയിൽ ആറ് പ്രതികളെ ഉൾപ്പെടുത്തി കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.


കേസിൽ പ്രതിചേർക്കപ്പെട്ട ആറ് ഭീകരരിൽ ഹന്ദ്‌വാര സ്വദേശി താരിഖ് അഹമ്മദ് മിർ, സോപോർ സ്വദേശി ഖയൂം നജാർ എന്നിവർ പിന്നീട് സുരക്ഷാ സേനയുമായുള്ള വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിരുന്നു.


ജാവിദ് അഹമ്മദ് മാറ്റു, റൗഫ് നജാർ, അഹമ്മദുള്ള മല്ല എന്നിവർ അറസ്റ്റിലായി നിലവിൽ വിചാരണ നേരിടുകയാണ്. എന്നാൽ ഇംതിയാസ് അഹമ്മദ് കണ്ഡു മാത്രം സുരക്ഷാ ഏജൻസികളെ വെട്ടിച്ച് പാകിസ്താനിലേക്ക് കടക്കുകയായിരുന്നു.


സോപോർ സ്വദേശിയായ ഇയാളെ 2010 മുതൽ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുള്ളതിനെ തുടർന്ന് 2022 ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചിരുന്നു.


പൊലീസുകാരെ വധിച്ച കേസിന് പുറമെ കശ്മീരിലെ മറ്റ് പത്തിലധികം ഭീകരാക്രമണക്കേസുകളിലും ഇയാൾ പ്രതിയാണ്. പതിനഞ്ചിലധികം പേരുടെ കൊലപാതകം, ആയുധക്കടത്ത്, കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്ന ലഹരി-ഭീകരവാദ സാമ്പത്തിക ഇടപാടുകൾ എന്നിവയിലും ഇയാൾക്ക് പ്രധാന പങ്കുണ്ട്.


ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതോടെ ലോകത്തെവിടെ വെച്ചും ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഇന്ത്യയ്ക്ക് കൈമാറാനും ഇന്റർപോൾ അംഗരാജ്യങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home