മുത്തശ്ശിയുടെ വിയോഗത്തിലും രാജ്യത്തിനായി ബൂട്ട് കെട്ടിയ താരം ; 2026 ഫിഫ ലോകകപ്പിലെ ദക്ഷിണാഫ്രിക്കൻ മിഡ്‌ഫീൽഡർ ജെയ്ഡൻ ആഡംസ് അന്തരിച്ചു

Photo Credit:Social Media
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ദേശീയ ഫുട്ബോൾ ടീമിലെയും മാമലോഡി സൺഡൗൺസ് ക്ലബ്ബിലെയും പ്രമുഖ മിഡ്‌ഫീൽഡർ ജെയ്ഡൻ ആഡംസ് അന്തരിച്ചു. 25 വയസ്സായിരുന്നു. 2026 ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് ആഴ്ചകൾക്ക് ശേഷമാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.
ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്ക നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയപ്പോൾ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ജെയ്ഡൻ ബൂട്ട് കെട്ടിയിരുന്നു. റൗണ്ട് ഓഫ് 32-ൽ സഹ-ആതിഥേയരായ കാനഡയോട് തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.
ശനിയാഴ്ച രാവിലെ കേപ് ടൗണിലെ ഷോട്ഷെക്ലൂഫിലുള്ള ഒരു വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കേപ് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
"തീരാത്ത ഞെട്ടലോടെയും കനത്ത ഹൃദയത്തോടെയുമാണ് ജെയ്ഡൻ ആഡംസിന്റെ വിയോഗവാർത്ത ഞാൻ ശ്രവിച്ചത്. ദക്ഷിണാഫ്രിക്കൻ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള യുവ പ്രതിഭകളിലൊരാളെയാണ് നഷ്ടമായത്," ദക്ഷിണാഫ്രിക്കൻ കായിക മന്ത്രി ഗെയ്റ്റൺ മക്കെൻസി പ്രസ്താവനയിൽ പറഞ്ഞു.
അവിശ്വസനീയമായ ഈ പ്രതിസന്ധി ഘട്ടത്തിൽ താരത്തിന്റെ കുടുംബത്തിന്റെയും ക്ലബ്ബിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു.
ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനെതിരെ ഇറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് തന്റെ മുത്തശ്ശി മരിച്ച വിവരം ജെയ്ഡൻ അറിയുന്നത്. എന്നാൽ ആ വ്യക്തിപരമായ ദുഃഖത്തിനിടയിലും രാജ്യത്തിനായി താരം അന്ന് കളത്തിലിറങ്ങിയിരുന്നു.
2022-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ജെയ്ഡൻ, സ്റ്റെല്ലൻബോഷ് എഫ്സിയിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് 2025 ജനുവരിയിൽ പ്രമുഖ ക്ലബ്ബായ മാമലോഡി സൺഡൗൺസിലേക്ക് മാറി.
അവിടെ ലീഗ് കിരീടവും ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. 2023 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സെമി ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും അംഗമായിരുന്നു. ജെയ്ഡൻ ആഡംസിന്റെ അകാല വിയോഗത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.










0 comments