ad
Deshabhimani

കാലങ്ങളെത്ര കഴിഞ്ഞാലും മായാത്ത ജാനകീനാദം

s janaki
avatar
ഹർഷിദ ബത്താലി

Published on Jul 11, 2026, 09:20 PM | 3 min read

ജാനകിയമ്മയുടെ ഭാവസാന്ദ്രമായ ശബ്ദം ഒരുവരി പാടി നിർത്തുമ്പോൾ, അവിടെയൊരു പാട്ട് അവസാനിക്കുകയല്ല ചെയ്യുന്നത്. മറിച്ച് കേൾവിക്കാരനിൽ കാലങ്ങളായി മൂടിവെച്ച ഓർമ്മകളുടെ വലിയൊരു വാതിൽ തുറക്കപ്പെടുകയാണ്. പഴയ റേഡിയോയിൽ നിന്നോ, കാസറ്റ് ടേപ്പിന്റെ നേർത്ത ശബ്ദത്തിൽ നിന്നോ, ഉത്സവപ്പറമ്പുകളിലെ ഗാനമേളകളിൽ നിന്നോ ഒഴുകിയെത്തിയ ആ സ്വരം മലയാളികൾക്ക് വെറുമൊരു പേരല്ല, ജീവിതത്തിന്റെ പല കാലങ്ങളിൽ കൂടെയുണ്ടായിരുന്ന ആത്മാവിൻ്റെ സ്പർശമാണ്.


തെന്നിന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട എസ് ജാനകി കന്നഡ, മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള തുടങ്ങി 17 ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ പാടി. ഭാഷകൾ മാറിയാലും ഭാവം തെറ്റാതെ പാടാനുള്ള കഴിവായിരുന്നു ജാനകിയെ വേറിട്ട് നിർത്തിയത്. ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയത് കന്നഡയിലും മലയാളത്തിലുമാണ്.


മലയാളത്തിൽ മാത്രം 1200ഓളം ഗാനങ്ങൾക്കാണ് ജാനകി ശബ്ദം നൽകിയത്. ‘തുമ്പീ വാ തുമ്പക്കുടത്തിൻ’, ‘ആടി വാ കാറ്റേ’, ‘കിളിയേ കിളിയേ’, ‘തേനും വയമ്പും’, ‘നാഥാ നീ വരും’ തുടങ്ങി അനവധി ഗാനങ്ങൾ ഇന്നും എന്നും മലയാളികളുടെ മനസില്‍ നിന്നും മായാത്ത പാട്ടുകളാണ്. പല കാലങ്ങളിലായി വന്ന ഈ പാട്ടുകൾ ഇന്ന് മലയാള സിനിമാസംഗീതത്തിന്റെ അമൂല്യ ഓർമ്മകളാണ്. സംഗീതസംവിധായകൻ എം എസ് ബാബുരാജാണ് ജാനകിയെ മലയാള സിനിമാരംഗത്തേക്ക് കൊണ്ടുവന്നത്.


1938 ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് എസ് ജാനകി ജനിച്ചത്. മൂന്നാം വയസിൽ തന്നെ സംഗീതത്തോട് താൽപര്യം പ്രകടിപ്പിച്ചെങ്കിലും തുടക്കത്തിൽ മതിയായ സംഗീതവിദ്യാഭ്യാസം ലഭിച്ചില്ല. പത്താം വയസിൽ പൈതിസ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ തുടങ്ങി. ജാനകിയുടെ സ്വാഭാവിക സംഗീതപ്രതിഭ തിരിച്ചറിഞ്ഞ പൈതിസ്വാമി, ‘നിനക്ക് എല്ലാം ഭഗവാൻ നൽകി അനുഗ്രഹിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞ് അനുഗ്രഹിച്ചുവിട്ടുവെന്നാണ് പറയപ്പെടുന്നത്.


പിന്നീട് സംഗീതപഠനത്തിനായി ജാനകി മദ്രാസിലെത്തി. ആകാശവാണി ദേശീയതലത്തിൽ സംഘടിപ്പിച്ച ഗാനമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ ജാനകി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. അവിടെ നിന്നാണ് സിനിമാഗാനരംഗത്തേക്കുള്ള വഴിതുറന്നത്.


1957ൽ 19ാം വയസിലാണ് ജാനകി ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിൽ ടി ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. കരിയറിന്റെ ആദ്യവർഷം തന്നെ അവർ ആറു ഭാഷകളിൽ പാടി. തുടക്കം മുതൽ തന്നെ ഭാഷാഭേദമില്ലാതെ പാടാനുള്ള കഴിവ് ജാനകിയുടെ കരിയറിന്റെ ശക്തിയായി മാറി.


ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതമാണ് ജാനകിയുടേത്. സിനിമാഗാനങ്ങൾ, ഭക്തിഗാനങ്ങൾ, പ്രണയഗാനങ്ങൾ, വിരഹഗാനങ്ങൾ, ഗ്രാമീണഭാവമുള്ള ഗാനങ്ങൾ, കുട്ടിത്തവും കുസൃതിയും നിറഞ്ഞ ഗാനങ്ങൾ, പല ഭാവങ്ങളിലും അവർ പാടി. പാട്ടിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് അതിന് ചേരുന്ന രീതിയിൽ ശബ്ദം മാറ്റാനുള്ള കഴിവ് ജാനകിയമ്മയുടെ വലിയ പ്രത്യേകതയായിരുന്നു.


നാല് ദേശീയ പുരസ്കാരങ്ങളാണ് ജാനകിയെ തേടിയെത്തിയത്. 1976ൽ തമിഴ് ചിത്രം ‘പതിനാറ് വയതിനിലേ’യിലെ ‘സിന്ദൂര പൂവേ’ എന്ന ഗാനത്തിനാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. 1980ൽ മലയാളചിത്രമായ ‘ഓപ്പോളി’ലെ ‘ഏറ്റുമാനൂർ അമ്പലത്തിൽ’, 1984ൽ തെലുങ്ക് ചിത്രമായ ‘സിതാര’യിലെ ‘വെന്നല്ലോ ഗോദാരി ആനന്ദം’, 1992ൽ തമിഴ് ചിത്രം ‘തേവർ മകൻ’യിലെ ‘ഇഞ്ചി ഇടുപ്പഴകാ’ എന്നീ ഗാനങ്ങൾക്കും ദേശീയ പുരസ്കാരം ലഭിച്ചു.


കേരള സംസ്ഥാന സർക്കാരിന്റെ മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം 14 തവണ ജാനകി നേടി. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ഏഴ് തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ പുരസ്കാരം 10 തവണയും ലഭിച്ചു. 2013ൽ പത്മഭൂഷൺ ലഭിച്ചുവെങ്കിലും ജാനകി അത് നിരസിച്ചു. പുരസ്കാരങ്ങളും അംഗീകാരങ്ങളും ധാരാളം ലഭിച്ചെങ്കിലും, ജനങ്ങളുടെ സ്നേഹമാണ് ജാനകിയുടെ ഏറ്റവും വലിയ അംഗീകാരമായി നിലനിന്നത്.


മലയാളികൾക്ക് ജാനകിയുടെ പാട്ടുകൾ വെറും പാട്ടുകളല്ല. പല കാലങ്ങളിലായി ജീവിതത്തോട് ചേർന്നുനിന്ന ശബ്ദങ്ങളാണ്. ‘തുമ്പീ വാ’ കേൾക്കുമ്പോൾ ഒരു ബാല്യകാലം ഓർമ്മ വരും. ‘ആടി വാ കാറ്റേ’ കേൾക്കുമ്പോൾ ആ ശബ്ദത്തിലെ മൃദുത്വം തിരിച്ചറിയാം. ‘നാഥാ നീ വരും’ കേൾക്കുമ്പോൾ കാത്തിരിപ്പിന്റെ ആഴം അനുഭവപ്പെടും. അതുകൊണ്ടാണ് ജാനകിയുടെ പാട്ടുകൾ കാലം കടന്നും കേൾക്കുന്നവരുടെ മനസിൽ നിലനിൽക്കുന്നത്.


എസ് ജാനകി എന്ന പേര് ഇന്ത്യൻ സിനിമാസംഗീത ചരിത്രത്തിലെ വലിയ അധ്യായമാണ്. ഭാഷകൾ കടന്ന്, തലമുറകൾ കടന്ന്, അനവധി മനസുകളിൽ ഇടം നേടിയ ശബ്ദം. പാട്ടുകൾ അവസാനിച്ചാലും ആ ശബ്ദം മലയാളിയുടെ ഓർമ്മയിൽ തുടരും. ജാനകിയമ്മയുടെ പാട്ടുകൾ പോലെ തന്നെ, ആ ശബ്ദവും കാലത്തിന് അപ്പുറം നിലനിൽക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home