ad
Deshabhimani

ശബ്ദം കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ ​ഗായിക: എസ് ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷനേതാവ്

s janaki pinarayi vijayan
വെബ് ഡെസ്ക്

Published on Jul 11, 2026, 09:53 PM | 1 min read

തിരുവനന്തപുരം : മഹാഗായിക എസ് ജാനകി വിടവാങ്ങുമ്പോൾ നീണ്ട ഒരു കാലഘട്ടത്തിന് തിരശ്ശീല വീഴുക കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മറ്റൊരു നാട്ടിൽ നിന്നെത്തി മലയാളി മനസ്സ് കീഴടക്കിയ മഹാഗായികയാണ് എസ് ജാനകി. ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ എസ് ജാനകിയുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


സിനിമാഗാനത്തെ നേരിട്ട് ഹൃദയങ്ങളിലേക്ക് പകർന്ന ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി മാറിയ പ്രിയ ഗായികയാണ് എസ് ജാനകി. എല്ലാ മലയാളികളുടെയും ഹൃദയത്തിൽ അവർ ഇരിപ്പുറപ്പിച്ചു. ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാൻ പോലും മലയാളിക്കാവില്ല. കവിതയുടെ സൗന്ദര്യവും സംഗീത സംവിധായകൻ കൽപ്പിക്കുന്ന സംഗീതത്തിൻ്റെ പൂർണമായ പ്രയോഗവും കൊണ്ട് സിനിമക്കപ്പുറത്തേക്ക് വളർന്നതാണ് എസ് ജാനകിയുടെ പാട്ടുകൾ. നീലജലാശയത്തിൽ, നാഥാ നീ വരും, തേനും വയമ്പും തുടങ്ങി അസംഖ്യം ഭാവ ഗാനങ്ങൾ. 17 ഭാഷകളിൽ അമ്പതിനായിരത്തോളം ഗാനങ്ങൾ പാടി. സിനിമ മറവിയിലേക്ക് മറഞ്ഞപ്പോഴും ജാനകിയുടെ പാട്ടുകൾ മലയാളികളുടെ ചുണ്ടുകളിൽ വർഷങ്ങളായി വാടാതെ നിൽക്കുന്നു.


ഭാഷയുടെയും ദേശാതിർത്തികളുടെയും പരിധി മറികടന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം നേടിയ അതുല്യ ഗായിക എസ് ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമാണ്. മലയാളിയുടെ ഹൃദയ വികാരങ്ങൾക്ക് മധുര സംഗീതത്തിലൂടെ നിത്യത നൽകിയ പ്രിയ ഗായികയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home