ad
Deshabhimani

തലമുറകളെ പാട്ടുപാടിയുറക്കിയ ശബ്ദമാധുരി

s janaki
വെബ് ഡെസ്ക്

Published on Jul 11, 2026, 09:47 PM | 1 min read

ലയാളിയുടെ പ്രണയത്തിനും വിരഹത്തിനും താരാട്ടിനും ഒരു ശബ്ദമേയുള്ളൂ.. അത് എസ് ജാനകിയെന്ന പ്രിയപ്പെട്ട ജാനകിയമ്മയുടേതാണ്. ആറ് പതിറ്റാണ്ടുകാലം തെന്നിന്ത്യൻ സിനിമാസംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗാനകോകിലം. വിട പറഞ്ഞെങ്കിലും തന്റെ പ്രണയാർദ്ര ശബ്ദമാധുരിയാൽ കോടിക്കണക്കിന് സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ നിത്യവസന്തമായി ജീവിക്കുമവർ. ഭാവസാന്ദ്രമായ ആലാപന ശൈലികൊണ്ടും ശബ്ദത്തിന്റെ അതുല്യമായ വൈവിധ്യവും കൊണ്ടും അവർ സൃഷ്ടിച്ച പാടിവെച്ച ​ഗാനങ്ങൾ മലയാളിക്ക് വെറും പാട്ടുകളല്ല, മറിച്ച് ആത്മാവിന്റെ ഭാഗമാണ്.


ഏത് പ്രായത്തിലുള്ളവർക്കും ഹൃദയത്തോട് ചേർന്നു പോകുന്നവയാണ് ജാനകിയമ്മയുടെ പാട്ടുകൾ. കരളുരുകുന്ന വിരഹവും, മനസ്സ് കുളിർപ്പിക്കുന്ന പ്രണയവും, വാത്സല്യം തുളുമ്പുന്ന ലാളനയുമെല്ലാം ആ ശബ്ദത്തിൽ ഒരേപോലെ ഭദ്രമായിരുന്നു.


ഒരു കാമുകിയുടെ ആത്മാവിന്റെ വിളിപോലെ,

"ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ..." എന്ന് ജാനകിയമ്മ പാടുമ്പോൾ കേൾവിക്കാരന്റെ കണ്ണും മനസ്സും ഒരുപോലെ നിറയും. വിരഹത്തിന്റെ നോവ് ഇത്രത്തോളം ആഴത്തിൽ മലയാളി ഹൃദയങ്ങളിലേക്ക് പകർന്നുനൽകിയ മറ്റൊരു ഗാനമില്ല.


എസ് ജാനകിയെന്നോർക്കുമ്പോൾ ഓടിയെത്തുന്ന ചില വരികളുണ്ട്. അതിലൊന്നാണ് ബാബുരാജ് - പി ഭാസ്കരൻ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം:

"തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാൻ..."


പ്രകൃതിയിലെ ഓരോ ചലനങ്ങളെപ്പോലും സംഗീതാത്മകമാക്കാൻ ആ ശബ്ദത്തിന് കഴിഞ്ഞു. അതിനൊരു ഉദാഹരണമാണ്,

"നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു

പൂവിന്‍ കവിള്‍തുടുത്തൂ..."

മഞ്ഞിന്റെ നേർത്ത സ്പർശമേറ്റ് ഒരു പൂവ് നാണത്താൽ ചുവന്നുതുടുക്കുന്ന ആ മനോഹര ദൃശ്യം ജാനകിയമ്മ പാടുമ്പോൾ നമ്മുടെയെല്ലാം മനസ്സിലൊരു പ്രണയത്തിന്റെ തണുത്ത കാറ്റുവീശും.


മലയാള ചലച്ചിത്ര സംഗീത ചരിത്രത്തിൽ "തുമ്പീ വാ" എന്ന ഗാനത്തോളം ജനപ്രിയമായ മറ്റൊരു പാട്ടുണ്ടാകാൻ വഴിയില്ല. കേവലം ഒരു പാട്ടെന്നതിനപ്പുറം മലയാളിക്ക് തന്റെ ബാല്യകാല സ്മരണകളിലേക്കുള്ള മടക്കമാണാ ​ഗാനം. അത് ജാനകിയമ്മയുടെ ശബ്ദത്തിലായപ്പോൾ പ്രിയ​ഗാനങ്ങളിൽ ഈ വരികളും ചേർന്നു.

"കൽക്കണ്ട കുന്നിന്റെ മുകളില്

കാക്കാച്ചി മേയുന്ന തണലിൽ

ഊഞ്ഞാലേ... പാടിപ്പോയ്.."


"അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ...." എന്ന വരികൾ പോലെ ജാനകിയമ്മ ബാക്കിയാക്കി മടങ്ങിയ ഒരുപിടി നല്ല ​ഗാനങ്ങൾക്കായി നമുക്ക് കാതോർക്കാം. മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മക്ക് സം​ഗീതാഞ്ജലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home