ad
Deshabhimani

ഗൂഗിൾ സീനിയർ എൻജിനീയറിങ് ലീഡർ ജോർജിയയിൽ വെടിയേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ

Sheetal

ശീതൾ വ്രസെൻ | Photo Credit - India Today

വെബ് ഡെസ്ക്

Published on Jul 11, 2026, 10:56 PM | 1 min read


അറ്റ്‌ലാന്റ : യുഎസിലെ ജോർജിയയിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ സീനിയർ എൻജിനീയറിങ് ലീഡർ വെടിയേറ്റു മരിച്ചു. കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് വെടിവെക്കുകയായിരുന്നു. ഗൂഗിളിലെ സീനിയർ എൻജിനീയറിങ് ലീഡറായ ശീതൾ വ്രസെൻ (57) ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മകൻ ജേസൺ വ്രസെൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവത്തിൽ ഭർത്താവ് കിർക്ക് വ്രസെനെ (56) പോലീസ് അറസ്റ്റ് ചെയ്തു.


ചൊവ്വാഴ്ച രാത്രി കോബ് കൗണ്ടിയിലുള്ള ദമ്പതികളുടെ വസതിയിലായിരുന്നു ദാരുണമായ സംഭവം. വീട്ടിൽ നിന്ന് വെടിയൊച്ച കേട്ട് എത്തിയ പോലീസ് ഉദ്യോഗസ്ഥർ മകൻ ജേസണെ വീടിന് പുറത്ത് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ശീതലിന്റെ മൃതദേഹം കണ്ടെത്തിയത്.


പ്രതിയായ കിർക്ക് വ്രസെനെ സംഭവസ്ഥലത്തുനിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതകം, ക്രൂരമായ ആക്രമണം, മാരകായുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നിലവിൽ കോബ് കൗണ്ടി അഡൽറ്റ് ഡിറ്റൻഷൻ സെന്ററിൽ ജാമ്യമില്ലാതെ തടവിലാണ് പ്രതി. കുടുംബ വഴക്കാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


സാങ്കേതിക മേഖലയിൽ ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ എൻജിനീയറിങ് ലീഡറായിരുന്നു കൊല്ലപ്പെട്ട ശീതൾ. ഗൂഗിളിൽ ചേരുന്നതിന് മുൻപ്, പ്രമുഖ റീട്ടെയ്ൽ കമ്പനിയായ ഹോം ഡിപ്പോയുടെ ഇ-കോമേഴ്‌സ് ബിസിനസിന്റെ ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് അവർ നേതൃത്വം നൽകിയിരുന്നു. ഇന്ത്യ, ഇംഗ്ലണ്ട്, ഘാന എന്നിവിടങ്ങളിൽ വളർന്ന ശീതൽ പിന്നീട് ഉപരിപഠനത്തിനായാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1994-ൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. ശാസ്ത്ര-സാങ്കേതിക ‍മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് മികച്ചൊരു വഴികാട്ടിയും മെന്ററുമായിരുന്നു ശീതൾ എന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home