എൽഡിഎഫിന്റെ 'വസ്തുതകളുടെ ധവളപത്രം'; ജൂലൈ 14-ന് പിണറായി വിജയൻ പ്രകാശനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിലെ രാഷ്ട്രീയ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ പ്രതിപക്ഷം.യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന് മറുപടിയായി എകെജി പഠനഗവേഷണ കേന്ദ്രം തയ്യാറാക്കിയ 'വസ്തുതകളുടെ ധവളപത്രം' ജൂലൈ 14-ന് പ്രകാശനം ചെയ്യും.
തിരുവനന്തപുരം എ.കെ.ജി മിനി ഹാളിൽ വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്യും. മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലും ചടങ്ങിൽ പങ്കെടുക്കുമെന്ന് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സിഎൻ മോഹനൻ അറിയിച്ചു.
സംസ്ഥാനം കടക്കെണിയിലാണെന്ന് കഴിഞ്ഞ പത്ത് വര്‍ഷം പ്രതിപക്ഷം നടത്തിയ കള്ളപ്രചരണങ്ങളെ സാധൂകരിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിലുള്ളത്. കടത്തിന്റെ കേവല കണക്ക് പറഞ്ഞ് ഭയാന്തരീക്ഷം സൃഷ്ടിച്ച് വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുമെന്ന സൂചനയാണ് സര്‍ക്കാരിന്റെ ധവളപത്രം.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ പിന്തുടരുന്ന അതേ നയങ്ങള്‍ കേരളത്തിലും നടപ്പാക്കുമെന്ന പ്രഖ്യാപനവും ധവളപത്രം മുന്നോട്ടുവെക്കുന്നു. വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകാനും, കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്ന നിലപാടുകള്‍ കേരളത്തില്‍ നടപ്പാക്കാനുമുള്ള, നീക്കങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കപ്പെടേണ്ടതുണ്ട്. ആ ദൗത്യമാണ് `വസ്‌തുതകളുടെ ധവളപത്രം' നിര്‍വഹിക്കുന്നത്.
ഇതിനൊപ്പം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളം കൈവരിച്ച യഥാർത്ഥ വികസന നേട്ടങ്ങളും ഈ ബദൽ ധവളപത്രത്തിലൂടെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും എകെജി പഠനഗവേഷണ കേന്ദ്രം വ്യക്തമാക്കുന്നു.











0 comments